സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവശത്തിന് വഴിയൊരുങ്ങിയതിന് പിന്നാലെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ മഞ്ഞുരുക്കം. നിയമസഭാ നടപടികളില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടുത്താനും ധാരണയായി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായക തീരുമാനത്തിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ അടക്കമുള്ള ഘടക കക്ഷികളുമായും ചര്‍ച്ച നടത്തിയതായാണ് സൂചന.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടിയ സാഹചര്യത്തിലായിരുന്നു ഗവര്‍ണറെ മാറ്റി അവഗണിക്കുന്ന നിലയില്‍ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഭാ സമ്മേളനം കഴിഞ്ഞ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചാലും അത് നിലവില്‍ വരണമെങ്കില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിക്കണം. അപ്പോള്‍ മാത്രമേ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്നുള്ള വിജ്ഞാപനം രാജ്ഭവന് പുറപ്പെടുവിക്കാനാവുകയുള്ളൂ. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ രേഖാമൂലം അറിയിപ്പ് നല്‍കാതെ താത്കാലികമായി പിരിയുന്നു എന്ന രീതിയില്‍ മുന്നോട്ട് പോകാം എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, ഇതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെയാണ് ചുമതലപ്പെടുത്തിയത്. ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.