KERALA

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യണം; കേരളം സുപ്രീം കോടതിയിൽ

വെബ് ഡെസ്ക്

അരിക്കൊമ്പൻ വിഷയത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി നടപടികളെ രൂക്ഷമായി വിമർശിച്ച സംസ്ഥാന സർക്കാർ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് അപ്പീലിൽ കേരളം ആരോപിച്ചു. അതേസമയം വിഷയത്തിൽ മൃഗസ്നേഹികളുടെ സംഘടന സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിട്ടുണ്ട്.

സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശി മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്. നേരത്തെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ആനയെ ഏത് സ്ഥലത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം എന്നായിരുന്നു ഹെെക്കോടതിയുടെ നിലപാട്. അത് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ ആരോപിച്ചു

ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷൻ കടകൾ, 22 വീടുകൾ, 6 കടകൾ എന്നിവ തകർത്തു. എന്നാൽ ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ ആരോപിച്ചു.

'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നൽകുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിലേക്കേ കൊമ്പനെ മാറ്റാവൂ എന്നും സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെടും

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?