KERALA

മറ്റു വകുപ്പുകളിൽ അതൃപ്തി, മിടുക്കരായ ചെറുപ്പക്കാർക്ക് അവസര നഷ്ടം: ഹൈക്കോടതി വിരമിക്കൽ പ്രായം ഉയർത്തൽ കേസിൽ സർക്കാർ

ഉടൻ വിരമിക്കുന്ന നല്ലൊരു വിഭാഗം ജീവനക്കാരും പേപ്പർ രഹിത കോടതി പദ്ധതിയിൽ യാതൊരു പങ്കും നിർവഹിക്കാൻ ഇല്ലാത്തവരെന്നും സത്യവാങ്മൂലം

ദ ഫോർത്ത് - തിരുവനന്തപുരം

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 ആക്കി ഉയർത്തുന്നത് മറ്റു വകുപ്പുകളിൽ സമാന ആവശ്യത്തിന് വഴി തെളിക്കുമെന്നും സർക്കാർ ജീവനക്കാർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കുമെന്നും ആവര്‍ത്തിച്ച് സംസ്ഥാന സർക്കാർ. വൈദഗ്ധ്യമുള്ള ചെറുപ്പക്കാരായ ഉദ്യോഗാർഥികൾക്ക് സർവീസിലേക്ക് കടന്നുവരാനുള്ള അവസരവും വിരമിക്കൽ പ്രായം ഉയർത്തുന്നതിലൂടെ നഷ്ടമാകുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച അജിത് കുമാര്‍ വി എസ്, കെ യു കുഞ്ഞിക്കണ്ണന്‍ എന്നീ ഹൈക്കോടതി മുൻ ജീവനക്കാര്‍ ഡിവിഷന്‍ ബെഞ്ചിനു മുന്നിൽ റിട്ട് ഹർജിയോടൊപ്പം സമർപ്പിച്ച അധിക സത്യവാങ്മൂലത്തിനു മറുപടിയായാണ് സർക്കാർ ഏപ്രിൽ മൂന്നിന് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. മുൻ ജീവനക്കാർ എല്ലാ ജീവനക്കാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത റിട്ട് ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും തള്ളണമെന്നും വ്യക്തമാക്കുന്ന സർക്കാർ, പക്ഷെ വിരമിക്കൽ പ്രായം ഉയർത്താനാവില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ പുതിയ കത്ത് സർക്കാരിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഹൈക്കോടതി ജീവനക്കാരുടെ സർവീസും വിരമിക്കൽ പ്രായവും നിർണയിക്കുന്ന 2008ലെ നിയമം 2023-ൽ ഭേദഗതി ചെയ്തിട്ടുണ്ട്. അതനുസരിച്ച് മറ്റു സർക്കാർ വകുപ്പിലെ പോലെ ഹൈക്കോടതിയിലും ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസാണ്. ഭേദഗതി ജനുവരി ഏഴിന് ഗസറ്റ് വിജ്ഞാപനമായി വിളംബരം ചെയ്തിട്ടുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 229 (1) അനുസരിച്ച് ഹൈക്കോടതി ജീവനക്കാരുടെ തിരഞ്ഞെടുപ്പും നിയമനവും ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അനുച്ഛേദം 229 (2) പ്രകാരം ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളും മറ്റും തീരുമാനിക്കേണ്ടത് നിയമനിർമാണ സഭ പാസാക്കിയ സമാന നിയമങ്ങൾക്ക് അനുസൃതമായി വേണം. ആയതിനാൽ സേവന വ്യവസ്ഥകളും മറ്റും തീരുമാനിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം നിയമസഭ പാസാക്കിയ നിയമത്തിന് അനുസൃതമായി വേണമെന്നും നിയമം മൂലം 56 വയസായി നിജപ്പെടുത്തിയ വിരമിക്കൽ പ്രായം ഉത്തരവിലൂടെ ഉയർത്താൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഡോ. വേണു സത്യവാങ്മൂലത്തിൽ പറയുന്നു.

പേപ്പർ രഹിത ഹൈക്കോടതി എന്ന പദ്ധതി നടപ്പാക്കാനും ഇ -ഓഫിസ് സംവിധാനം കാര്യക്ഷമമാക്കാനും നിലവിലുള്ള ഉദ്യോഗസ്ഥർ തുടരേണ്ടത് ആവശ്യമാണെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാരിനു നൽകിയ ശുപാർശയിൽ പറയുന്നത്. ഈ വാദവും ദുർബലമാണെന്ന് തെളിവുകൾ നിരത്തി ആഭ്യന്തര സെക്രട്ടറി സമർത്ഥിക്കുന്നുണ്ട്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ 2023 ജനുവരി 28നു സർക്കാരിന് നൽകിയ രേഖകൾ പ്രകാരം 97 ഹൈക്കോടതി ജീവനക്കാരാണ് 2022 ഒക്ടോബർ 25 നും (വിരമിക്കൽ പ്രായം ഉയർത്തണമെന്ന നിർദേശം ഉന്നയിച്ച ദിവസം) 2024 ഡിസംബർ 31 നും മധ്യേ 56 വയസ് പൂർത്തിയാക്കി വിരമിക്കുന്നത്. ഇവരിൽ പലരും ടൈപ്പിസ്റ്റ്, ഡഫെദാർ, ഷോഫർ, എസ്കോർട്ട് അറ്റൻഡന്റ്റ്, ഓഫിസ് അറ്റൻഡന്റ്റ്, വാച്ച് മാൻ, സ്വീപ്പർ, കോർട്ട് കീപ്പർ, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. പേപ്പർ രഹിത കോടതി പദ്ധതി നടപ്പാക്കാനുള്ള വൈദഗ്ധ്യമുള്ളവരല്ല ഈ ജീവനക്കാർ.

എന്നാൽ പഴയ ജീവനക്കാർ തുടരുന്നത് ആധുനിക സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നേടിയ പുതിയ ചെറുപ്പക്കാരുടെ കടന്നുവരവിന് തടസമാകും. കടലാസ് രഹിത കോടതിയും ഇ - കോടതിയും നടപ്പാക്കാനായി എൻ ഐ സിയിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അവർ സമയബന്ധിതമായി പ്രവർത്തിക്കുകയാണ്. ഹൈക്കോടതിയിൽ ഐ ടി വിദഗ്ധരുടെ പുതിയ തസ്തികകൾക്ക് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്. നിലവിലുള്ള അഞ്ച് കരാർ തസ്തികകൾ തുടരാനും തീരുമാനമായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ജീവനക്കാരുടെ വിരമിക്കൽ ഈ പദ്ധതികളുടെ നിർവഹണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്ന് സത്യവാങ്മൂലും വിശദമാക്കുന്നു. വിരമിക്കൽ പ്രായം ഉയർത്തണമെന്ന നിർദേശം പരിഗണിക്കാൻ നിർവാഹമില്ലെന്ന് ഫെബ്രുവരി 28ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു മറുപടിയായി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ജനറൽ മാർച്ച് 18ന് ആഭ്യന്തര സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ