KERALA

Exclusive | 'പരിഗണിക്കാന്‍ നിര്‍വാഹമില്ല'; ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാകില്ലെന്ന് സര്‍ക്കാര്‍

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തണമെന്ന് ആവശ്യവുമായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അയച്ച കത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

എ വി ജയശങ്കർ

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ചീഫ് ജസ്റ്റിസിന്റെ ശുപാർശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തണമെന്ന് ആവശ്യവുമായി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാറിന് അയച്ച കത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ 2013 ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസായി തന്നെ തുടരും.

2013 ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസായി തന്നെ തുടരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 നാണ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ കത്ത് നല്‍കുന്നത്. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത സെപ്റ്റംബര്‍ 26ന് ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍ പ്രായം ഉയർത്തണമെന്ന് കാണിച്ച് സർക്കാരിന് കത്ത് നല്‍കിയത്.

ഉന്നതതല യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ അടങ്ങുന്ന കമ്മിറ്റി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ചിരുന്നു. ഈ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അടിയന്തിരമായി 58 വയസാക്കി ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചത്. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലേക്ക് മാറുന്ന ഘട്ടമായതിനാല്‍ ജോലി പരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതാത് തസ്തികയില്‍ തുടരുന്നതാണ് ഉത്തമം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഹെെക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രം വർധിപ്പിച്ചാല്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ അതൃപ്തി ക്ഷണിച്ച് വരുത്തുമെന്ന വിലയിരുത്തിലും ശുപാർശ തള്ളാന്‍ സർക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നാണ് വിലയിരുത്തല്‍.

രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതിനു പിന്നാലെ സമാന ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരായ അജിത് കുമാര്‍, കെ യു കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം ഇതുവരെ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ല.

ഹെെക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രം വർധിപ്പിച്ചാല്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ അതൃപ്തി ക്ഷണിച്ച് വരുത്തുമെന്ന വിലയിരുത്തിലും ശുപാർശ തള്ളാന്‍ സർക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നാണ് വിലയിരുത്തല്‍. അടുത്തിടെ പൊതുമേഖലാ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്താനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണിച്ചപ്പോഴും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണപക്ഷ  യുവജന സംഘടനകളുടെ അടക്കമാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്