സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉടൻ പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് അപേക്ഷകർക്ക് റിപ്പോർട്ട് കൈമാറും. അപേക്ഷകർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചതിന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുക. 233 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണ് കൈമാറുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. അജ്ഞാതത്വം ഉറപ്പാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിടാമെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.
നേരത്തെ, റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. സ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതി നിര്‍ദേശിച്ചത്.
വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ നിർദേശം. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.
49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷന്‍ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
തുടര്‍ന്ന് തൊഴില്‍ അന്തരീക്ഷവും സിനിമാ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ സ്ത്രീ-പുരുഷ അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷന്‍ റിപ്പോട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.