യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല വി സിയോടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. ഇതിനായി വിദഗ്ധ സമിതിയെ സര്‍വകലാശാല നിയോഗിക്കുമെന്നാണ് വിവരം.
പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കേരള സര്‍വകലാശാല വി സിക്ക് ഗവര്‍ണര്‍ കൈമാറും. അതേസമയം സംഭവിച്ചത് മാനുഷികമായ പിഴവാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. പ്രബന്ധത്തിലെ ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. എന്നാല്‍ വിവിധ പ്രബന്ധങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇക്കാര്യം റഫറന്‍സില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ചിന്താ ജെറോം പറഞ്ഞു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തെറ്റുകള്‍ തിരുത്തുമെന്നും ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു.
ചങ്ങമ്പുഴയുടെ 'വാഴക്കുല'എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്കും പരാതി നല്‍കിയിരുന്നു. പിന്നാലെ സംഭവത്തില്‍ കേരള സര്‍വകലാശാല ഇടപെടുകയും, പരാതി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുന്നത് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുവദിച്ച പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല.