കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ തനിക്കെതിരേ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലും പോസ്റ്ററുകളിലും നിലവിട്ട് രോഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് രാവിലെ ക്യാംപസിലെത്തിയ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ബാനറുകള്‍ സ്ഥാപിച്ചതിനെതിരേ പൊട്ടിത്തെറിച്ചത്.
സര്‍വകലാശാല ക്യാംപസിന്റെ ഗെയിറ്റ് മുതല്‍ അകത്തേക്ക് ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ നിറച്ച് നിരവധി ബാനറുകളും പോസ്റ്ററുകളുമാണ് എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. 'സംഘി ചാന്‍സലര്‍ ഗോ ബാക്ക്' എന്നെഴുതി സ്ഥാപിച്ചിരുന്ന പടുകൂറ്റന്‍ ബാനര്‍ കണ്ടതോടെയാണ് ഗവര്‍ണറുടെ നിലതെറ്റിയത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം ക്യംപസ് റോഡിലൂടെ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
തനിക്കെതിരേ സ്ഥാപിച്ച ബാനറിന്റെ ചുവട്ടില്‍ നിന്നു തന്നെ രാജ്ഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ നിദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനാണെന്നും എന്തുകൊണ്ട് അവ നീക്കം ചെയ്തില്ലെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറിനോട് വിശദീകരണം തേടണമെന്നും രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍നര്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ബാനറുകള്‍ എന്തുകൊണ്ടാണ് നീക്കാത്തത് എന്ന് തനിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരോട് ആരാഞ്ഞ ഗവര്‍ണര്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് അദ്ദേഹം വിശ്രമത്തിനായി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.
എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശം പാലിക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ക്യാംപസിനുളളില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍ നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം സര്‍വകലാശാല അധികൃതര്‍ക്കാണെന്നും തങ്ങള്‍ക്ക് അതില്‍ റോളൊന്നുമില്ലെന്നുമാണ് പോലീസ് നിലപാട്.
ഗവര്‍ണറെ സര്‍വകലാശാലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഗവര്‍ണര്‍ എത്തുന്നതിനേത്തുടര്‍ന്ന് ക്യാംപസില്‍ എസ്എഫ്‌ഐ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെയും സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്യാംപസ് കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഗവര്‍ണര്‍ ഇന്നലെ ക്യാംപസില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രി ക്യാംപസിലെ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം തങ്ങിയത്.