സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വീണ്ടും മാറ്റി. നടി രഞ്ജിനിയുടെ തടസഹർജിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. രഞ്ജിനിയുടെ അപ്പീൽ ഹർജിയിൽ തീരുമാനമായ ശേഷം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരിക്കെ തീരുമാനം മാറ്റുന്നത്.
അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം, റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹേമ കമ്മിഷന് മുമ്പാകെ ആദ്യം മൊഴി നൽകിയ വ്യക്തികളിൽ ഒരാളാണ് താനെന്നും പറഞ്ഞ കാര്യങ്ങൾ ഏതു വിധമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശം ഉണ്ടെന്നും രഞ്ജിനി ദ ഫോർത്തിനോട് പ്രതികരിച്ചിരുന്നു.
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരം, ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെ സിനിമ നിർമാതാവ് സജിമോൻ പാറയിൽ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ അന്നും പ്രസിദ്ധീകരിക്കാനുള്ള നടപടി കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു സജിമോൻന്റെ വാദം. എന്നാൽ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയതോടെയാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറായത്.