KERALA

ജീവനെടുക്കുന്ന ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍; പഴുതടയ്ക്കാന്‍ നിയമഭേദഗതി

ഓണ്‍ലൈന്‍ റമ്മി നിലവില്‍ ഗെയിം ഓഫ് സ്കില്ലിന്‍റെ പരിധിയിലാണ്. ഇത് ഭേദഗതി വരുത്തി ഗെയിം ഓഫ് ചാന്‍സിന്‍റെ കീഴിലാക്കി നിരോധനം ഏർപ്പെടുത്താനാണ് ആലോചന

വെബ് ഡെസ്ക്

പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ നിയമഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് നിയമവകുപ്പിന് കൈമാറി. റമ്മി കളിച്ച് കടംകേറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിരുന്നു. 2021 ഫെബ്രുവരി 27 ന് ഇറിക്കിയ വിജ്ഞാപനം സെപ്തംബറില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന ഓണ്‍ലൈന്‍ റമ്മി കമ്പനികളുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ റമ്മി നിരോധിച്ചെങ്കിലും തമിഴ്നാട്ടിലും കര്‍ണാടകയിലും കേരളത്തിലേതിന് സമാനമായി ഹൈക്കോടതി ഇടപെട്ട് ഉത്തരവ് റദ്ദാക്കിയിരുന്നു

1960 ലെ കേരള ഗെയിമിങ് ആക്ടിലെ 14 എ വകുപ്പ് പ്രകാരമായിരുന്നു പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കുറ്റകരമാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരള ഗെയിമിങ് നിയമത്തിന്‍റെ 14-ാം വകുപ്പനുസരിച്ച് ഗെയിം ഓഫ് സ്കില്‍ വിഭാഗത്തില്‍പെടുന്നവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ല. ഭാഗ്യപരീക്ഷണത്തിന്‍റെ അതായത് ഗെയിം ഓഫ് ചാന്‍സ് വിഭാഗത്തിലുള്ള കളികള്‍ മാത്രമാണ് നിയന്ത്രിക്കാനാവുക.

ഓണ്‍ലൈന്‍ റമ്മി നിലവില്‍ ഗെയിം ഓഫ് സ്കില്ലിന്‍റെ പരിധിയിലാണ്. ഇത് ഭേദഗതി വരുത്തി ഗെയിം ഓഫ് ചാന്‍സിന്‍റെ കീഴിലാക്കി പഴുതുകളടയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, റമ്മി ഗെയിം ഓഫ് ചാന്‍സല്ലെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ റമ്മി നിരോധിച്ചെങ്കിലും തമിഴ്നാട്ടിലും കര്‍ണാടകയിലും കേരളത്തിലേതിന് സമാനമായി ഹൈക്കോടതി ഇടപെട്ട് ഉത്തരവ് റദ്ദാക്കിയിരുന്നു. തമിഴ്നാടും വീണ്ടും നിയന്ത്രണത്തിനൊരുങ്ങുകയാണ്.

ബിജിഷ

ഓണ്‍ലൈന്‍ റമ്മി കളി വഴി പണം നഷ്ടപ്പെട്ട് ഡിസംബറില്‍ കോഴിക്കോട് ചേലിയ സ്വദേശി ബിജിഷ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവമായത്. ബിജിഷയ്ക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയാണ്. ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ആദ്യം ചെറിയ തുക തിരികെ കിട്ടിയപ്പോള്‍ കൂടുതല്‍ പണമിറക്കി കളിച്ചതാണ് തിരിച്ചടിയായത്. കടം വാങ്ങിയും സ്വര്‍ണം വിറ്റും ഗെയിം തുടര്‍ന്നു.

ഓണ്‍ലൈന്‍ വഴി തന്നെ വളരെ എളുപ്പത്തില്‍ ലോൺ ലഭിക്കുമെന്നതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. വായ്പ കിട്ടാന്‍ ഒരു ഈടും നല്‍കേണ്ട. പകരം ഫോണിലെ വിവരങ്ങള്‍ നല്‍കാമോ എന്ന ഓപ്ഷനാകും കാണിക്കുക. അതിന് അനുമതി കൊടുക്കുന്നതോടെ ഫോണിലുള്ള എല്ലാ വ്യക്തി വിവരങ്ങളും സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്റ്റുകളും ഷെയര്‍ ചെയ്യപ്പെടും.ബിജിഷ ഇത്തരം ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഫോണിലുള്ള കോണ്‍ടാക്റ്റുകളിലേക്ക് ബിജിഷ തട്ടിപ്പുകാരിയാണെന്ന സന്ദേശങ്ങള്‍ പോയി. തുടര്‍ന്നാണ് ബിജിഷ ആത്മഹത്യ ചെയ്തത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്, വെബ്സൈറ്റ് എന്നീ പ്ലാറ്റ്ഫോമിലെല്ലാം റമ്മി നിലവിലുണ്ട്. ആകര്‍ഷകമായ ബോണസുകള്‍ നല്‍കി ആദ്യം വല വിരിയ്ക്കും. ഗെയിം വാലറ്റില്‍ നിന്ന് തന്നെ കടമെടുക്കുന്ന രീതിയുമുണ്ട്. പിന്നെ കളിച്ച് കിട്ടുന്ന തുകയില്‍ നിന്ന് ഈ കടം തീര്‍ക്കണം. പിന്നീടത്, വന്‍ തുകകളുടെ ഇടപാടുകളാകും. ആദ്യം ചെറിയ തുകകള്‍ ലഭിക്കുന്നതോടെ ആവേശമാകും. കടം കയ്യിലൊതുങ്ങാതെ വരുമ്പോള്‍ ലഹരിയുടെ ലോകത്തേക്കോ വിഷാദരോഗത്തിലേക്കോ വീണു പോകുന്നവരുണ്ട്.

കോവിഡ് ലോക്ഡൗണ്‍ കാലത്താണ് കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മി കളി വ്യാപകമാകുന്നത്. പണം നല്‍കിയുള്ള പലതരം കളികളാണുള്ളത് റമ്മി സൈറ്റുകളില്‍. നേരംപോക്കിന് തുടങ്ങി, സ്വര്‍ണം വിറ്റും കടം വാങ്ങിയും വരെ കളി തുടര്‍ന്ന് ഒടുവില്‍ ലക്ഷക്കണക്കിന് പണം നഷ്ടമാകുന്നതോടെയാണ് കളി മാറുന്നത്. വ്യാപകമായി പരസ്യം നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സെലിബ്രിറ്റികള്‍ പരസ്യത്തിലെത്തുമ്പോള്‍ റമ്മി കളിക്ക് വിശ്വാസ്യതയുണ്ടെന്ന തോന്നലില്‍ തലവെച്ചവര്‍ ഏറെയെന്നാണ് ഉയരുന്ന വിമര്‍ശനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ