KERALA

ഏതാണ് അസമയം? വെടിക്കെട്ട് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്, സമയം വ്യക്തമാക്കണമെന്ന് ബിജെപി

വെടിക്കെട്ട് ശബ്ദ-പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ച് ജ. അമിത് റാവൽ ഉത്തരവിറക്കിയത്

വെബ് ഡെസ്ക്

ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വിഷയത്തിൽ കോടതി വിശദമായ പരിശോധന നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അസമയത്തെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും ഉത്തരവിൽ സമയം കൃത്യമായി പ്രതിപാദിച്ചിട്ടില്ലെന്നും കെ രാധാകൃഷ്ണൻ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമുള്ള സംഗതിയാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. വിഷയം സമഗ്രമായി പഠിച്ച ശേഷം ദേവസ്വം ബോർഡ് അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിക്കെട്ട് ശബ്ദ - പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ച് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിറക്കിയത്. എറണാകുളം മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു വിധി. ദൈവപ്രീതിക്ക് വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ പുസ്തകത്തിലും പറയുന്നില്ലെന്നും വിധിപ്രസ്താവനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അമ്പലങ്ങളുടെയും പള്ളികളുടെയും കാര്യങ്ങൾ തീരുമാനിക്കുന്നത് കമ്മിറ്റിക്കാരും വിശ്വാസികളുമാണ്

അതേസമയം കോടതി ഉത്തരവിനെതിരെ ബിജെപിയും രംഗത്തുവന്നിരുന്നു. കോടതികൾ നിയമം അനുസരിച്ച് വേണം വിധികൾ പുറപ്പെടുവിക്കാനെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. അമ്പലങ്ങളുടെയും പള്ളികളുടെയും കാര്യങ്ങൾ തീരുമാനിക്കുന്നത് കമ്മിറ്റിക്കാരും വിശ്വാസികളുമാണ്. അസമയത്തെ വെടിക്കെട്ട് എന്ന് കോടതി പറയുമ്പോൾ ഏതാണ് ആ സമയമെന്നും കോടതി വ്യക്തമാക്കണം. ആരാധനയ്ക്കുള്ള സ്വാതന്ത്രം ഭരണഘടനാ ഉറപ്പുനൽകുന്നതാണ്. അതുകൊണ്ടുതന്നെ ന്യായാധിപന്മാർ നിയമാനുസൃതം വിധികൾ പുറപ്പെടുവിക്കണം. അല്ലെങ്കിൽ ഉത്തരവുകൾ ഉത്തരവ് മാത്രമായി നിലനിൽക്കുമെന്നും മുരളീധരൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ