കിഫ്ബി മസാല ബോണ്ട് കേസിൽ സമന്‍സ് അയക്കാന്‍ എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റി(ഇ ഡി)ന് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കിഫ്ബിയും മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കും നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി.
ഇ ഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സമൻസ് നൽകുന്നത് ജസ്റ്റിസ് വി ജി അരുൺ നേരത്തെ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർക്ക് പുതിയ സമൻസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്. പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മസാല ബോണ്ടുകൾ ഇറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമൻസ് അയയ്ക്കാനാണ് ഇ ഡിക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. എന്നാൽ കാരണങ്ങളില്ലാതെയാണ് സമന്‍സ് അയയ്ക്കാന്‍ ഇ ഡിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അനുമതി നല്‍കിയതെന്നായിരുന്നു അപ്പീലിലെ ആക്ഷേപം. ഇത് അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർ നടപടികൾ വിലക്കണമെന്നായിരുന്നു തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ അപ്പീൽ ഹർജിയിലെ ആവശ്യം.
ഒരു സിംഗിൾ ബഞ്ച് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മറ്റൊരു ബഞ്ചിന് നീക്കാനാവില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. അപ്പീൽ ഹർജി ഡിവിഷൻ ബഞ്ച് തീർപ്പാക്കി.