KERALA

ദുരിതാശ്വാസ നിധി വകമാറ്റൽ കേസ്: ലോകായുക്തയ്ക്ക് ഹൈക്കോടതി നോട്ടീസ്

ഹര്‍ജി പ്രാഥമിക വാദത്തിനായി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ അഞ്ചിലേക്ക് മാറ്റി

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ച ഹര്‍ജി വിശദമായി വാദംകേട്ട ശേഷം ലോകായുക്ത മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനെതിരായ ഹര്‍ജിയില്‍ ലോകായുക്തയ്ക്ക് ഹൈക്കോടതി നോട്ടിസ്. ഹര്‍ജി പ്രാഥമിക വാദത്തിനായി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ അഞ്ചിലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം നേമം സ്വദേശി ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതി ലോകായുക്തയുടെ അധികാരപരിധിയില്‍ വരുമോയെന്ന തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നംഗ ബെഞ്ച് വിഷയം പരിഗണിച്ച് വാദം കേള്‍ക്കാനാവുമെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. പിന്നീട് ഹര്‍ജിയില്‍ വിശദമായി വാദം കേട്ട ലോകായുക്ത 2022 മാര്‍ച്ച് 18ന് കേസ് വിധി പറയാന്‍ മാറ്റി. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതി മൂന്നംഗ ബെഞ്ചിന് വിട്ട് കഴിഞ്ഞ മാര്‍ച്ച് 31ന് ലോകായുക്ത വിധി പറഞ്ഞു. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് നിയമപരമായി കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വന്നതിനാലാണ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു.

പരാതി പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോയെന്ന വിഷയം ഒരിക്കല്‍ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ അതേവിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ ഹര്‍ജി. ഒരേ വിഷയത്തില്‍ വീണ്ടും പരിശോധന നടത്തുന്നത് നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരന്‍ അരോപിക്കുന്നത്. ലോകായുക്ത മൂന്നംഗ ബെഞ്ച് തുടര്‍ വാദം ജൂലൈ 10 നാണ് നിശ്ചയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ