KERALA

സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ട്; കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി

മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി ഗവര്‍ണര്‍; നവംബര്‍ 16ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി

നിയമകാര്യ ലേഖിക

കെടിയു താല്‍ക്കാലിക വി സി നിയമനത്തില്‍ പ്രഥമദൃഷ്ട്യാ നിയമപ്രശ്‌നമുണ്ടെന്ന് ഹൈക്കോടതി. വി സി നിയമനത്തിനെതിരായ സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. വി സി നിയമനത്തിന് മുന്‍പായി വിദ്യാഭ്യാസ യോഗ്യത പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വി സി നിയമനത്തിലെ നിയമപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാരിന്‌റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി യുജിസിയുടെ നിയമങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. മറുപടി നല്‍കാന്‍ ഗവര്‍ണര്‍ കൂടുതല്‍ സമയം തേടി. നവംബര്‍ 16ന് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. നവംബര്‍ 18ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‌റെ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് ചാന്‍സലര്‍ വിസിയുടെ ചുമതല നല്‍കിയത് കെടിയു ആക്ടിന്റെ ലംഘനമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെടിയു ആക്ട് പ്രകാരം വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ മറ്റേതെങ്കിലും വിസിയ്‌ക്കോ, കെടിയു പ്രോ വൈസ് ചാന്‍സലര്‍ക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. ഇതോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല ചെയര്‍മാന്‍ സജി ഗോപിനാഥിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാലിത് ചാന്‍സലര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിസിയുടെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി. ഈ കത്തിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലുമുള്ള 10 വര്‍ഷത്തിലധികം സര്‍വീസുള്ള പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമനം റദ്ദാക്കി, ചട്ട പ്രകാരം താല്‍ക്കാലിക ചുമതല കൈമാറാന്‍ നിര്‍ദേശിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ