KERALA

താനൂര്‍ കസ്റ്റഡി മരണം: മുഴുവന്‍ കേസ് ഡയറിയും ഹാജരാക്കാന്‍ ക്രൈബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

കേസിന്റെ റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കണം

വെബ് ഡെസ്ക്

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു.

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഓഗസ്റ്റ് രണ്ടിന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകം സംബന്ധിച്ച വകുപ്പുകൾ കൂട്ടിച്ചേർത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പോലീസുകാരെ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ലെന്ന് ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചു. താമിർ ജിഫ്രിയെ മർദിച്ച് കൊലപ്പെടുത്തിയ പോലീസുകാരെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ താൽപ്പര്യപ്രകാരം ക്രൈം ബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും കേസിലെ സുപ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും അഭിഭാഷകർ വാദിച്ചു. താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ എടുക്കാത്തത് ദുരൂഹമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കേസിലെ സാക്ഷികളായ പോലീസുകാരെയും താമിർ ജിഫ്രിയോടൊപ്പം കസ്റ്റഡിയിലെടുത്ത 11 ചെറുപ്പക്കാരെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും നിർണായക സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സസ്‌പെൻഷനിൽ കഴിയുന്ന താനൂർ എസ് ഐ കൃഷ്ണലാലിന്റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമാണെന്നും കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാക്കി.

കേസ് സെപ്റ്റംബർ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ്‌ എ ബദറുദ്ധീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ