KERALA

സൂര്യനെല്ലിക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവെച്ചു; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

2017ല്‍ പുറത്തിറങ്ങി 'നിര്‍ഭയം ഒരു പോലീസ് ഓഫീസറുടെ അനുഭവക്കുറിപ്പ്' എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

വെബ് ഡെസ്ക്

മുന്‍ ഡിജിപി ഡോ. സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2017ല്‍ പുറത്തിറങ്ങിയ 'നിര്‍ഭയം' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സൂര്യനെല്ലി ബലാത്സംഗ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവെച്ചെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് മണ്ണന്തല പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

'ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ' എന്ന വിശേഷണത്തോടെ പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചപ്പോഴുള്ള അനുഭവങ്ങളാണ് സിബി മാത്യൂസ് നിര്‍ഭയമെന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. 1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയ സൂര്യനെല്ലിക്കേസിലെ അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന പേരൊഴികെയുള്ള വിവരങ്ങളാണ് പുസ്തകത്തില്‍ പങ്കുവെച്ചത്. സൂര്യനെല്ലിക്കേസ് എന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സിബി മാത്യൂസ് അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ ഭാഗത്ത് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെന്നാണ് അതിജീവിതയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരം അതിജീവിതയെ പേരോ തിരിച്ചറിയാൻ സഹായകരമായ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല. ഇത് 228 എ വകുപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതുപ്രകാരമാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, സിബി മാത്യൂസിനെതിരെ ക്രിമിനല്‍ കുറ്റം ചേര്‍ക്കാന്‍ മാത്രമുള്ള പരാതിയില്ലെന്നായിരുന്നു പോലീസ് കമ്മീഷണറുടെ ഉത്തരവ്. ഇത് ജസ്റ്റിസ് എ ബദറുദ്ദീന്‍ റദ്ദാക്കി.

''പ്രാഥമികാന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടും നിയമോപദേശവും പരിശോധിക്കുമ്പോൾ മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂഷൻ നടപടിയിൽനിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്നു വ്യക്തമാണ്. പെൺകുട്ടിയെ 'പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി'യെന്ന നിലയിൽ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ധാരാളമാണെന്ന് പ്രാഥമികാന്വേഷണ അന്തിമ റിപ്പോര്‍ട്ടും ഡയരക്ടറർ ജനൽ ഓഫ് പ്രോസിക്യൂഷൻ നല്‍കിയ നിയമോപദേശവും വ്യക്തമാക്കുന്നു.

'പീഡിപ്പിക്കപ്പെട്ട പെൺകുട്ടി' എന്ന മലയാള പദം വിശകലനം ചെയ്യുമ്പോൾ അതിന് 'ലൈംഗികാതിക്രമം' അല്ലെങ്കിൽ 'പീഡനം' അല്ലെങ്കിൽ 'ബലാത്സംഗം' എന്നതിൻ്റെ ഇര എന്ന അതേ അർഥമാണ് കൈവരുന്നത്. ഈ പ്രയോഗം ഐപിസി 228 എ വകുപ്പ് പ്രകാരം കുറ്റകരമാണ്. പെൺകുട്ടിയെ 'പീഡിപ്പിക്കപ്പെട്ട പെൺകുട്ടി' എന്ന് പരാമർശിക്കുന്നതിനു പുറമെ, 'ബലാത്സംഗത്തിന് ഇരയായ' അവളെ തിരിച്ചറിയുന്ന വിവരങ്ങളും പുസ്തകത്തിൽനിന്ന് വ്യക്തമാണ്", കോടതി പറഞ്ഞു.

അതിജീവിതയുടെ പേര് പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തിയില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ പേര്, തൊഴില്‍, മേല്‍വിലാസം എന്നിവ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കെ കെ ജോഷ്വ പറയുന്നു. സിബി മാത്യൂസിനെതിരെ 228 എ പ്രകാരം കേസെടുക്കാനുള്ള കുറ്റമില്ലെന്ന പോലീസ് കമ്മീഷണറുടെ ഉത്തരവിനെതിരെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. 2019ല്‍ ആദ്യം മണ്ണന്തല പോലീസിനും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

പുസ്തകത്തില്‍ അതീജിവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിജീവിതയുടെ സ്‌കൂള്‍ അടക്കമുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ അവരുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കുമെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് കോടതി സിബിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പുസ്തകം പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞ് മാത്രമാണ് പരാതിപ്പെട്ടതെന്നും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം പ്രാഥമികാന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ വാദം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി