പെറ്റി കേസുകളിലെ നടപടികള്‍ അസാധാരണ സാഹചര്യങ്ങളില്‍ മജിസ്ട്രേറ്റുമാര്‍ക്ക് അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത കേസുകളാണ് അവസാനിപ്പിക്കേണ്ടത്. പൊതു പണവും സമയവും നഷ്ടപ്പെടുന്നില്ലെന്നും ഇതിനായി മനസ്സര്‍പ്പിച്ച് മജിസ്ട്രേറ്റുമാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തീരുമാനത്തിന് വ്യക്തമായ കാരണം രേഖപ്പെടുത്തണം, പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ കേസില്‍ വീണ്ടും നടപടികള്‍ തുടരാം. നിരന്തരം സമന്‍സ് സ്വീകരിക്കാത്ത കേസുകളിൽ നടപടികള്‍ അവസാനിപ്പിക്കരുത്. നടപടികള്‍ അവസാനിപ്പിച്ച കേസുകളില്‍ പ്രതികളെ കണ്ടെത്തിയാല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ പ്രോസിക്യൂഷന് വീണ്ടും വിചാരണ നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളില്‍ 1.59 ലക്ഷം പെറ്റി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണെന്ന് പ്രോസിക്യൂഷന്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശമനുസരിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അമിക്കസ് ക്യൂറിയായ അഡ്വ. നന്ദഗോപാല്‍ എസ് കുറുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. പ്രോസിക്യൂഷന്‍ രേഖകളില്‍ പ്രതിയുടെ ശരിയായ വിലാസം ഇല്ലാത്തതും പ്രതികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതും ഗുരുതരമായ പോരായ്മയാണെന്നും ഇത് തുടരാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി.