മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. കുറ്റവിമുക്തനാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകിയതിനെത്തുടർന്നാണ് ഹൈക്കോടതി നടപടി.
കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെ ഒക്ടോബർ അഞ്ചിനായിരുന്നു ജില്ലാ സെഷന്‍സ് കോടതി കോടതി കുറ്റവിമുക്തരാക്കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് വിധി.
ബിജെപി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്, സുരേഷ് നായ്ക്, കെ മണികണ്ഠ റായ്, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയും പണം നൽകിയും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചുവെന്നായിരുന്നു കേസ്. സുന്ദരയ്ക്കു 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന്റെ അന്തിമറിപ്പോർട്ട് നിലനിൽക്കില്ലെന്നുമുള്ള വാദമാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ജില്ലാ സെഷൻസ് കോടതിയിൽ ഉയർത്തിയത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നിമയത്തെ ഉപയോഗിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ജില്ലാ സെഷൻസ് കോടതി വിധി വന്നശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്നും സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ അതിൽ പങ്കാളികളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതു കോടതിക്കു ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിനായി മത്സരിച്ച സ്ഥാനാർഥി കൊടുത്ത കേസാണിതെന്നും പിന്നീട് സുന്ദര കക്ഷി ചേരുകയായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.