എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്‌ക്കെതിരായ തർക്കം നടക്കുന്ന പശ്ചാത്തിലത്തിൽ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് മാർ ആന്‍ഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ജീവന് ഭീഷണിയുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കോടതിയെ അറിയിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഏകീകൃത കുർബാനയെ എതിർക്കുന്നവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കോടതിയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനെ ചൊല്ലി വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതോടെ അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയും സെന്റ് മേരീസ് ബലിസിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തർക്കത്തിനിടെ കഴിഞ്ഞ ദിവസം ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് കുർബാനയ്ക്കായി എത്തിയപ്പോൾ വിമത വിഭാഗം അദ്ദേഹത്തെ തടഞ്ഞിരുന്നു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും പള്ളിയില്‍ തടിച്ചുകൂടിയിരുന്നു. രാവിലെ ആറുമണിയോടെ ബിഷപ്പ് എത്തിയപ്പോള്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തി. ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ കയ്യടിച്ച് പ്രതിരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് ബിഷപ്പിനെ പള്ളിയ്ക്കകത്തേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ ഗേറ്റ് പൂട്ടിയതോടെ പോലീസ് ബിഷപ്പിനെ തിരിച്ചയക്കുകയായിരുന്നു. യാതൊരു കാരണവശാലും ഏകീകൃത കുര്‍ബാന അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.