സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതിയുടെ നിര്‍ദേശം.
റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 24 ന് പുറത്തുവിടാനിരിക്കെയാണ് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചവർക്ക് റിപ്പോർട്ട് കൈമാറും. വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
അഞ്ച് വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു തീരുമാനം. 233 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണ് കൈമാറുക. അഞ്ച് പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിട്ടുണ്ട്.
വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. എന്നാല്‍ 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം രംഗത്തുവന്നിരുന്നു.
റിപ്പോര്‍ട്ട് വായിച്ചശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
2019 ഡിസംബര്‍ 31 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നല്‍കിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങള്‍ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്.
2017ലെ നടിയെ അക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി സർക്കാര്‍ രൂപീകരിക്കുകയായിരുന്നു.