കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുഫോസ് വിസിയായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ് ഡോ വിജയന്‍. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, വിസി നിയമനത്തിന് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്ന് വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യത ഇല്ലാത്തവരുണ്ടായിരുന്നു. ഒരാളുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍, നിയമനിര്‍മാണത്തിന് അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സര്‍വകലാശാലയിലെ നിയമനങ്ങളെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയുന്നത്.