പിറവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. മുൻ ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനമൊഴിഞ്ഞ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതിനെതുടർന്നാണ് പുതിയ ചെയർപേഴ്സനായി കോൺഗ്രസിലെ ജിൻസി രാജു നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പരാജയപ്പെട്ട സിപിഐയിലെ അഡ്വ ജൂലി സാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.
ഇടത് മുന്നണിയിലെ ധാരണയനുസരിച്ച് നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് രാജി വച്ചതിനെ തുടർന്നാണ് ജനുവരി 31ന് പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കാൻ കൗൺസിൽ യോഗം ചേർന്നത്. ജലസേചന വകുപ്പ് എറണാകുളം എക്സിക്യൂട്ടീവ് എൻജിനീയർ ബി. അബ്ബാസായിരുന്നു വരണാധികാരി.
ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജിൻസി രാജുവിനും എൽഡിഎഫ് സ്ഥാനാർഥി സിപിഐയുടെ അഡ്വ ജൂലി സാബുവിനും തുല്യവോട്ട് ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് ജിൻസി രാജു വിജയിച്ചത്. നഗരസഭയുടെ ആറാം ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ജിൻസി രാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
അഡ്വ. ജൂലി സാബുവിന്റെ പേരാണ് നറുക്കെടുപ്പിൽ തിരഞ്ഞെടുത്തത്. എന്നാൽ, ജിനിയെ ചെയർപേഴ്സണായി പ്രഖ്യാപിച്ച് വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.
ഇതിനു പിന്നാലെ മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് ഏഴ് (എ) പ്രകാരം നറുക്ക് ലഭിക്കുന്നയാളെ ചെയർപേഴ്സണാക്കുന്നതിന് പകരം മൂന്ന് പേർ മൽസര രംഗത്തുള്ളപ്പോൾ രണ്ട് പേരെ ഒഴിവാക്കി ഒരാളെ തിരഞ്ഞെടുക്കുന്ന ഏഴ് (സി) പ്രകാരമാണ് വരണാധികാരി തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂലി സാബു കോടതിയെ സമീപിച്ചത്. ബന്ധപ്പെട്ട രേഖകളും ഇതിനോടൊപ്പം ഹാജരാക്കി.
അഡ്വ ജൂലി സാബുവിന്റെ വാദങ്ങൾ ശരിവെച്ചാണ് കോടതി ഉത്തരവ്. റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും ജിൻസി രാജു ചുമതലയേറ്റതിനാൽ ഇടപെടാൻ തയാറായരുന്നില്ല.
ആദ്യ രണ്ടര വർഷം സിപിഎമ്മിനും ബാക്കി രണ്ടര വർഷം സിപിഐക്കും ചെയർപേഴ്സൻ പദവി എന്ന ധാരണ പ്രകാരമാണ് പാർട്ടി നിർദേശമനുസരിച്ച് ഏലിയാമ്മ ഫിലിപ് രാജിവെക്കുന്നത്. എന്നാൽ, ജൂലി സാബു ചെയർപേഴ്സനാകുന്നതിനെ എതിർത്തിരുന്ന ഏലിയാമ്മ ബാലറ്റ് പേപ്പറിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടാതെ ബോധപൂർവം വോട്ട് അസാധുവാക്കുകയായിരുന്നു എന്നാണ് വാദം.