KERALA

സര്‍ക്കാര്‍ സഹായം നിഷേധിക്കരുത്; കെഎസ്ആര്‍ടിസിയില്‍ പത്താം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

നിയമകാര്യ ലേഖിക

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 10-ാം തീയതിയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയ്ക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാരിന്റെ സഹായം കെഎസ്ആര്‍ടിസിയ്ക്ക് നിഷേധിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ സാധിക്കില്ല

കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല. ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

അതിനിടെ, ജൂലൈ മാസത്തിലെ ശമ്പളം ഓഗസ്റ്റ് 25നകം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40 കോടി രൂപ സര്‍ക്കാര്‍ ശമ്പളം നല്‍കാനായി അനുവദിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസായി 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തോടെ 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചിരുന്നു.

കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള യോഗത്തില്‍ തീരുമാനമായിരുന്നു. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണം എന്ന നിര്‍ദേശമായിരുന്നു എംഡി മുന്നോട്ടുവച്ചത്. എംഡിയുടെ നിര്‍ദേശം തൊഴിലാളി സംഘടനകള്‍ അംഗീകരിക്കുകയായിരുന്നു. ഇതിന് പുറമെ താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യവും അനുവദിക്കാന്‍ തീരുമാനമായി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്