പാലക്കാട് അഗളി കാഞ്ഞിരപ്പുഴ മേഖയിലെ 500 ഏക്കറോളം വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറരുതെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ട ഭൂമി ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈമാറരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ ഭൂമി വനഭൂമിയാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് വി എന്‍ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വനഭൂമി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഭൂമി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഫോറസ്റ്റ് ട്രൈബ്യൂണലാണ് ഭൂമി കൈമാറാന്‍ 1977 ലും 1979 ലും ഉത്തരവിട്ടത്. ഭൂമിയുടെ ഉടമസ്ഥരായിരുന്ന മണ്ണാര്‍ക്കാട്ട് മൂപ്പില്‍ നായരും എം ഉലഹന്നാനും മറ്റ് ഒന്‍പത് പേരും തമ്മില്‍ 1956 നവംബര്‍ 13നാണ് 500 ഏക്കര്‍ ഭൂമി പത്ത് പേര്‍ക്ക് കൈമാറാന്‍ പാട്ടക്കരാര്‍ ഉണ്ടാക്കിയത്. ഈ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരുടെ പിന്മുറക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, പാട്ടക്കരാര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് 1960 ല്‍ ഒറ്റപ്പാലം സിവില്‍ കോടതി വ്യക്തമാക്കിയിരുന്നെന്നും ഇത് മറച്ചുവച്ചാണ് ഹര്‍ജിക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന പൊതുതാത്പര്യ ഹര്‍ജിയും നല്‍കി. ഇതേ തുടര്‍ന്ന് തര്‍ക്ക ഭൂമി ഹൈക്കോടതി വിര്‍ച്വല്‍ മോഡില്‍ പരിശോധനയും നടത്തിയിരുന്നു.