KERALA

ഹൈക്കോടതി ഇനി കളമശേരിയിൽ; വരുന്നത് സർവസന്നാഹങ്ങളുമുള്ള ജുഡീഷ്യൽ സിറ്റി

60 വ്യത്യസ്ത കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് കളമശേരിയിൽ നിർമിക്കുക

വെബ് ഡെസ്ക്

കൊച്ചി കളമശേരിയിൽ ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയും പങ്കെടുത്ത ഉന്നതതലയോഗത്തില്‍ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യത്തിൽ കളമശേരിയിൽ ഫെബ്രുവരി 17ന് സ്ഥലപരിശോധന നടക്കും.

ജുഡീഷ്യൽ സിറ്റിക്കായി ഇപ്പോൾ കളമശേരിയിൽ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന്പുറമേ അധികസ്ഥലം ആവശ്യമുണ്ടെങ്കിൽ അത് കണ്ടെത്തും. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയിൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 60 വ്യത്യസ്ത കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് കളമശേരിയിൽ നിർമിക്കുക. ഭാവിയിലെ ആവശ്യങ്ങൾകൂടി പരിഗണിച്ച് 28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയം നിർമിക്കാനാണ് തീരുമാനം.

ജഡ്ജിമാരുടെയും അഡ്വക്കേറ്റ് ജനറലിന്റെയും ഓഫീസുകളും സ്റ്റാഫ് ക്വാർട്ടേഴ്സും ഉൾപ്പെടുന്ന മന്ദിരത്തിൽ, അഭിഭാഷകരുടെ ചേംബറും പാർക്കിങ് സൗകര്യവുമുണ്ടാകും. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്. കഴിഞ്ഞ നവംബർ 9ന് മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ തിരുവനന്തപുരത്തു വനടന്ന വാർഷിക യോഗത്തിൽ ഇതു സംബന്ധിച്ച തുടർനടപടികളിലേക്ക് കടക്കാൻ തീരുമാനമായിരുന്നു.

നിലവിൽ എംജി റോഡിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള ക്വാർട്ടേഴ്‌സ് ഒരുക്കുന്നതിന് സ്ഥലമേറ്റെടുക്കാൻ പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും, ബജറ്റിൽ പ്രഖ്യാപിച്ച എക്സിബിഷൻ സിറ്റിയുടെ നടപടികൾ ആരംഭിച്ചതുമാണ് മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാൻ കാരണമായത്. ജനങ്ങൾക്ക് എളുപ്പം എത്തിപ്പെടാനുള്ള സൗകര്യവും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും കണക്കിലെടുത്തതാണ് ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കാമെന്ന് തീരുമാനിച്ചതെന്ന് യോഗം വിലയിരുത്തി.

മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർനടപടികൾക്ക് കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live