സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചുമതലപ്പെടുത്തി. ഫീസ്, സംവരണം തുടങ്ങിയവ വ്യവസ്ഥകൾ വ്യക്തമാക്കിയുള്ള ചട്ടങ്ങളും മാർഗരേഖകളുമാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സെൽ പരിശോധിക്കുക.
അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള ബില്ല് കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഉന്നത വിദ്യാഭ്യാസ പരിഷ്കരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിഷൻ ശുപാർശയനുസരിച്ചാണ് സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും പോകുന്നത് തടയാൻ സംയോജിതമായ മാറ്റം വേണമെന്ന എൽഡിഎഫ് തീരുമാനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സ്വകാര്യ സർവകലാശാലയുൾപ്പെടെയുള്ള പരിഷ്കാരങ്ങളെ പിന്തുണയ്ക്കുമെന്നുള്ള നിലപാടിലാണ്എസ് എഫ് ഐ. സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ പരിഹരിച്ചുകൊണ്ട് കൃത്യമായി സർക്കാർ നിയന്ത്രണത്തില്‍ സ്വകാര്യ സർവകലാശാലകൾ കടന്നുവരുന്നതില്‍ എതിർപ്പില്ലെന്നാണ് എസ് എഫ് ഐ നേതൃത്വത്തിന്റെയും നിലപാട്. നിയന്ത്രണങ്ങളോടെ പരിഷ്കാരമാകാമെന്ന നിലപാടിലാണ് ഇടത് അനുകൂല അധ്യാപക സംഘടനകളും.
സംസ്ഥാനത്ത് സ്വകാര്യ യൂണിവേഴ്സിറ്റികൾ ആരംഭിക്കുന്ന സർക്കാർ തീരുമാനത്തിൽ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ (ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ)ക്കുള്ളത്. പക്ഷേ സ്വകാര്യ യൂണിവേഴ്സിറ്റികൾ ആരംഭിക്കുമ്പോൾ സർക്കാർ കൃത്യമായ നിയമനിർമാണം നടത്തണമെന്നും സംവരണം, സാമൂഹ്യനീതി അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പിന്തുടരപ്പെടണമെന്നും അവർ ആവശ്യപ്പെടുന്നു.
അതേസമയം സ്വകാര്യ സർവകലാശാലയ്ക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന നിലപാടിലാണ് കെ എസ് യു ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍.