KERALA

വിനോദസഞ്ചാരം നടത്തിക്കോളൂ...പക്ഷേ രണ്ടാമതൊന്ന് ആലോചിക്കണം

'ടൂറിസം പുനർവിചിന്തനം' എന്ന മുദ്രാവാക്യവുമായി ലോകം ഇന്ന് വിനോദസഞ്ചാരദിനം ആചരിക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത്...

അരുൺ സോളമൻ എസ്

മനുഷ്യന് ഏറെ ഇഷ്ടമുളള കാര്യങ്ങളിൽ ഒന്നാണ് പുതിയ തീരങ്ങൾ തേടിയുളള യാത്രകള്‍. മനുഷ്യനെ സംബന്ധിച്ച് യാത്ര ജീവിതത്തിന്റെ ഭാഗവുമാണ്. ലോകം വെട്ടിപ്പിടിക്കാനായി യാത്ര ചെയ്തവരെയും ലോകത്തെ മാറ്റാനായി സഞ്ചാരികളായവരെയും നമുക്കറിയാം. എന്നാല്‍ കോവിഡിനുശേഷം ലോകം ഇന്ന് വിനോദസഞ്ചാരദിനം ആചരിക്കുമ്പോള്‍ ഒരു പുനരാലോചനയാണ് ആവശ്യമെന്ന് യുഎന്‍ തന്നെ പറയുന്നു. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന് അടുത്തെത്തുന്നു എന്ന സൂചന ലോക ബാങ്ക് നൽകിയിരിക്കെയാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു എൻ ഡ്ബ്ല്യു ടി ഒ) ലോക വിനോദസഞ്ചാര ദിനം ആചരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വിനോദസഞ്ചാരത്തിലൂടെ പുനരുദ്ധരിക്കാനുള്ള പുനരാലോചന ഈ ദിനത്തിലുണ്ടാകണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് മുന്നോട്ട് വയ്ക്കുന്ന ആശയം.

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് കാർബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടുള്ള വിനോദസഞ്ചാരമാണ് വേണ്ടതെന്ന് യുഎന്‍ പറയുന്നു. ഇതിലൂടെ ആതിഥേയ രാജ്യത്തിനും പ്രാദേശിക സമൂഹത്തിനും സാമ്പത്തിക നേട്ടമുണ്ടാകണം. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിർത്താനുള്ള നടപടികള്‍ക്കും ഊന്നല്‍ നല്‍കണമെന്നും യുഎന്‍ പറയുന്നു. ഈ വർഷത്തെ ലോക ടൂറിസം ദിന ആഘോഷങ്ങൾക്ക് ആതിഥേയരാകുന്നത് ഇന്തോനേഷ്യയാണ്.

ലോക വിനോദ സഞ്ചാര ദിനം

വിനോദ സഞ്ചാരത്തെ വളര്‍ത്തുകയും അതുവഴി ആഗോള സാമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുക ലക്ഷ്യമിട്ടുകൊണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്.1980നാണ് ലോക ടൂറിസം ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടനയായ യു എൻ ഡ്ബ്ല്യു ടി ഒ 1970ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ടൂറിസം ദിനം ആചരിക്കാൻ തീരുമാനിച്ചത്. സുസ്ഥിരവും എല്ലാവർക്കും സാധ്യമാകുന്നതുമായ ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എൻ ഡ്ബ്ല്യു ടി ഒ.

പലതരം യാത്രകള്‍

അലക്സാണ്ടറും ചെഗുവേരയും നടത്തിയ യാത്രകൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയതാണ്. എന്നാൽ യാത്ര ഭ്രാന്തായി മാറിയ മനുഷ്യരും നമുക്കിടയിലുണ്ട്. ചായ വിറ്റ് ലോക യാത്രകൾ നടത്തിയ വിജയനും മോഹനയും, അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി ജോലി രാജിവെച്ച് അമ്മ ചൂഢാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാർ നടത്തിയ യാത്രകളുമെല്ലാം യാത്രയുടെ രസകരമായ ഏടുകളാണ്.

ഇന്ത്യയുടെ സാധ്യതകള്‍

ഓരോ പ്രദേശത്തിന്റെയും വ്യത്യസ്തമായ പാരമ്പര്യവും വൈവിധ്യമാര്‍ന്ന സംസ്കാരവുമാണ് ടൂറിസം രംഗത്ത് ഇന്ത്യക്ക് തുണയാകുന്നത്. ആഗോള ട്രാവൽ ആൻഡ് ടൂറിസം വികസന സൂചികയിൽ 54-ാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ടൂറിസം മേഖലയ്ക്ക് വൻ നഷ്ടമാണുണ്ടായത്.

‘ഹീൽ ഇൻ ഇന്ത്യ'

കോവിഡിനു മുമ്പുള്ള വർഷം ഏഴു ലക്ഷത്തോളം പേരാണ് ചികിത്സക്കായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ മെ‍ഡിക്കൽ ടൂറിസം മേഖലയെ ആഗോള തലത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഹീൽ ഇൻ ഇന്ത്യ' പദ്ധതിയും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ പോലുളള മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ് ഭൂരിഭാഗം പേരും ചികിത്സയ്ക്കായി എത്തുന്നത്.

കാർഡിയാക്, ഓങ്കോളജി, ഓർത്തോപീഡിക്, യൂറോളജി, ഇഎൻറ്റി, കോസ്മെറ്റിക് ട്രീറ്റ്മെന്റ്, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ്, ന്യൂറോ സർജറി, ദന്തൽ തുടങ്ങിയ മേഖലകളിലെ ചികിത്സകള്‍ക്കായാണ് ഭൂരിഭാഗം വിദേശികളും കേരളത്തെ ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് മെഡിക്കൽ ടൂറിസ്റ്റുകളുടെ കാര്യത്തിൽ 6.8 ശതമാനം വളർച്ചയാണ് ഉണ്ടായത്.

കേരളവും ടൂറിസവും

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. രണ്ട് വർഷത്തെ മഹാമാരിക്കാലം മാറ്റി നിർത്തിയാൽ ടൂറിസം രംഗത്ത് കേരളം ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടാക്കിയിട്ടുളളത്. ഇന്ത്യയിലേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും കേരളത്തിലേക്കാണ് വരുന്നത്. വിദേശ ടൂറിസ്റ്റുകളിൽ 92 ശതമാനവും എറണാകുളം,തിരുവനന്തപുരം,ഇടുക്കി,ആലപ്പുഴ ജില്ലകളാണ് പ്രധാനമായും സന്ദർശിക്കുന്നത്.

ആയൂർവേദ ചികിത്സ.

മെഡിക്കൽ ടൂറിസം

സമീപകാലത്തായി മെഡിക്കൽ ടൂറിസത്തിന് വലിയ സാധ്യതയാണ് കേരളത്തിലുള്ളത്. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിദേശ നാടുകളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെത്തുന്ന 90 ശതമാനം ടൂറിസ്റ്റുകളും ആയുർവേദ ചികിത്സയാണ് ലക്ഷ്യമിടുന്നത്. അലോപ്പതിക്കായി എത്തുന്നവരിൽ 26 ശതമാനം പേർ പശ്ചിമേഷ്യയിൽ നിന്നും 11 ശതമാനം പേർ മാലിദ്വീപിൽ നിന്നുള്ളവരുമാണ്. മാലിദ്വീപ്, യുഎഇ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങി രാജ്യങ്ങളില്‍ നിന്നു കേരളത്തിൽ ആധുനിക ചികിത്സ തേടി എത്തുന്നവരുമുണ്ട്.

കേരളത്തിന് പലപ്പോഴും തിരിച്ചടിയാകുന്നത് വിമാന സർവീസുകളുടെ കുറവാണ്. അതിനു പരിഹാരം കാണാൻ സർക്കാർ നടപടി ഇനിയും ഉണ്ടാകണം. ഇ–വിസ സംവിധാനം നിർത്തിവച്ചിരിക്കുന്നതും മറ്റൊരു പ്രതിസന്ധിയാണ്.

കേരളം വിദേശ സൗഹൃദമോ?

മലയോര മേഖലയിലെ പ്രകൃതി സൗന്ദര്യവും കായലും ഹൗസ്‌ ബോട്ട് യാത്രയും കരിമീൻ പൊളളിച്ചതുമൊക്കെ വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാനഘടങ്ങളാണ്. കൂടാതെ, കേരളത്തിന്റെ തനത് കലാരൂപങ്ങളും ടോട്ടൽ തിയേറ്റർ എന്നറിയപ്പെടുന്ന കഥകളിയുമെല്ലാം വിദേശികൾക്ക് ഏറെ പ്രിയമാണ്. കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ സാധ്യതകളും തള്ളിക്കളയാനാകില്ല. കോവളം ബീച്ച് എക്കാലവും വിദേശികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.

ശംഖുമുഖം തീരം കടലെടുത്തപ്പോൾ.

കേരളത്തിന്‍റെ പ്രതിസന്ധികള്‍, സാധ്യതകള്‍

എന്നാൽ സമീപകാലത്തായി കോവളത്ത് വിദേശികളുടെ വരവ് കുറയുന്നതാണ് കാണാൻ കഴിയുന്നത്. കോവിഡ് കാലത്തിന് ശേഷവും ഏറെ പ്രതീക്ഷയോടെ വിദേശികളെ കേരളം കാത്തിരിക്കുമ്പോഴും കോവളം തീരത്തിന് ആ പ്രതീക്ഷയുണ്ടാവില്ല. 2013ന് ശേഷം തീരത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം നിസാരമല്ല. വർധിച്ച് വരുന്ന തീരശോഷണം കോവളത്തെയും വിഴുങ്ങുന്നു എന്ന് സാരം. അത് ശംഖുമുഖം തീരത്തേയും ബാധിക്കുന്നു.

കേരളത്തിലെ തെരുവ് നായകൾ

പ്രളയവും ഓഖിയും മഹാമാരിയും ഒക്കെ അതിജീവിച്ചെന്ന് പറയുമ്പോഴും കേരളത്തിന്റെ പ്രകൃതി ഭംഗി തിരികെ കൊണ്ടുവരാന്‍ റീബില്‍ഡ് കേരളയ്ക്ക് സാധിച്ചോ എന്നത് സംശയമാണ്.

അതിലുപരി കേരളത്തിൽ വ‍ർധിച്ച് കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തിന് ഇനിയും പ്രതിവിധി കണ്ടെത്താത്തതും തിരിച്ചടിയാകും. കോവളത്ത് വിദേശ വനിതയെ തെരുവുനായ ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു . തെരുവുനായ ശല്യം നേരിടുന്നതില്‍ ഗോവൻ മാത‍ൃക സ്വീകരിക്കേണ്ടത് കേരള ടൂറിസം മേഖലയ്ക്ക് അനിവാര്യമാണ്.

കൂടാതെ, പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് ഇക്കോ ടൂറിസത്തിനും ഫാം ടൂറിസത്തിനും മതിയായ പ്രാധാന്യം നൽകേണ്ട സമയം കൂടിയാണിത്. ധാരാളം പ്രതിസന്ധികൾ കേരളത്തിന് മുന്നിലുണ്ട്. അപ്പോഴും കേരളം ടൂറിസത്തിൽ ഉറ്റുനോക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയോടെയാണ്.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്