ബിജെപി സഖ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായ ഭിന്നതകള്‍ക്കിടെ ദേശീയഘടകവുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെഡിഎസ് കേരള ഘടകം. മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. സി കെ നാണുവുമായി സഹകരിക്കാതെ സമാന ചിന്താഗതികളുള്ള പാര്‍ട്ടികളുമായി ലയിച്ച് കേരള ജെഡിഎസ് ആയി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കാതെയാണ് സി കെ നാണു യോഗം വിളിച്ചതെന്ന് ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നേരത്തെ, ജെഡിഎസ് - ബിജെപി ബാന്ധവത്തെ എതിര്‍ത്ത് കേരളത്തില്‍ വിമത യോഗം വിളിച്ചു ചേര്‍ത്തതിന് സി കെ നാണുവിനെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് എച്ച്ഡി ദേവഗൗഡ പുറത്താക്കിയിരുന്നു.
ദേശീയ ഉപാധ്യക്ഷ പദവി കൈകാര്യം ചെയ്യവേ ദേശീയ നേതൃത്വത്തിന്റെ അറിവോ മുന്‍കൂര്‍ സമ്മതമോ ഇല്ലാതെ സി കെ നാണു കേരളത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം ജെഡിഎസിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ദേവഗൗഡ വിശദീകരിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ ജീവിച്ചിരിക്കെ ഇത്തരത്തില്‍ യോഗം വിളിക്കാന്‍ പാടുള്ളതല്ല, മുന്‍പ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം, നാണുവിനെ പറഞ്ഞു പാട്ടിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നാലെ, തങ്ങളാണ് യഥാര്‍ത്ഥ ജെഡിഎസ് എന്ന് അവകാശപ്പെട്ട് സി കെ നാണു രംഗത്തെത്തിയത്. ബിജെപിക്കൊപ്പം പോയ ദേവഗൗഡയെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയതായി സി കെ നാണു പ്രഖ്യാപിച്ചിരുന്നു. പുതിയ ദേശീയ അധ്യക്ഷനായി വിമത വിഭാഗം നാണുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പിളര്‍പ്പിന് പിന്നാലെ താനാണ് ജെ ഡി എസിന്റെ അധ്യക്ഷന്‍ എന്നവകാശപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് സി കെ നാണു കത്തയച്ചു. എന്‍ഡിഎ വിരുദ്ധ ശക്തികള്‍ തങ്ങളാണെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സി കെ നാണു വിഭാഗം വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കേരളത്തിലെ മന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി പ്രത്യേക ഘടകമായി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കണമെന്നായിരുന്നു സി കെ നാണു വിഭാഗം ആവശ്യപ്പെട്ടത്.
എന്നാല്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ഉള്‍പ്പെടുന്ന മറുവിഭാഗം സ്ഥാനങ്ങള്‍ ത്യജിച്ചുള്ള ഇറങ്ങിപ്പോക്കിന് എതിര് നിന്നതോടെ കേരളത്തിലെ ജെഡിഎസില്‍ രണ്ടു ചേരികള്‍ രൂപപ്പെടുകയായിരുന്നു.