സി ആര്‍ ബിജു 
KERALA

വിഴിഞ്ഞത്ത് നടക്കുന്നത് ജനകീയ സമരമല്ല, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേയുള്ള ഭീകരവേട്ട- സി ആര്‍ ബിജു

മതമേലധ്യക്ഷന്മാരില്‍ ചിലർ വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്

വെബ് ഡെസ്ക്

വിഴിഞ്ഞത്ത് നടക്കുന്നത് ജനകീയ സമരമല്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീകര വേട്ടയാണെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു. മതമേലധ്യക്ഷന്മാരില്‍ ചിലർ വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസിനെ പിന്തുണച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സി ആര്‍ ബിജു പറയുന്നു. പരുക്കേറ്റ പോലീസുകാരുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ജനങ്ങളെ നേരായ വഴിയില്‍ നയിക്കേണ്ടവര്‍ തന്നെ കലാപാഹ്വാനം നടത്തുകയും അവര്‍ തന്നെ മുന്നില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരേയും പോലീസ് സ്റ്റേഷനും ആക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നിറവേറ്റുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വന്ന ആംബുലന്‍സിനെ തടയുന്ന സാഹചര്യവും ഉണ്ടായി

അന്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാല്‍ ഇവിടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നിറവേറ്റുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വന്ന ആംബുലന്‍സിനെ തടയുന്ന സാഹചര്യവും ഉണ്ടായി. സ്വന്തം സഹജീവികള്‍ക്ക് പരുക്കേറ്റാല്‍ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്ത്തുന്ന നടപടിയാണ് ഇവരില്‍ നിന്ന് ഉണ്ടായതെന്നും ബിജു പറയുന്നു.

ആത്മസംയമനത്തോടെ സാഹചര്യത്തെ കൈകാര്യം ചെയ്ത കേരള പോലീസിനെ അഭിനന്ദിക്കുന്നുമുണ്ട് പോസ്റ്റില്‍. വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന കേരള പോലീസിന്റെ ഉയര്‍ന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാന്‍ സാഹചര്യമൊരുക്കിയത്. പോലീസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകര്‍ക്കുക എന്ന ചിലരുടെ ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്. പോലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകര്‍ക്കുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നുവെന്നും ബിജു കൂട്ടിച്ചേർത്തു.

ഇപ്പോള്‍ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാന്‍ കഴിയില്ല

''ഇപ്പോള്‍ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാന്‍ കഴിയില്ല. ഇത് കോടതി വിധി ഉള്‍പ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാര്‍ദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്. ഈ സംഭവത്തില്‍ എടുത്ത ഒരു കേസും പിന്‍വലിക്കാന്‍ പാടില്ല''- ബിജു പറഞ്ഞു.

ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാര്‍മിക പിന്തുണ കേരളത്തിലെ പോലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് ബിജു പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാന്‍ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പോലീസ് സമൂഹത്തിനുണ്ടെന്നും ഇത്തരം നീക്കങ്ങളെ വിവേകത്തോടെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവസാന ശ്വാസം വരേയും സംസ്ഥാന പോലീസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍