KERALA

അന്ധവിശ്വാസങ്ങളിൽ തൊടാൻ മടിച്ച് സർക്കാർ; ഫയലിൽ ഒതുങ്ങി നിയമം

ഒന്നര വർഷമായി കടലാസിലുറങ്ങുകയാണ് 'ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021'

എ വി ജയശങ്കർ

സംസ്ഥാനത്ത് കുട്ടികളെ ഉൾപ്പെടെ ഇരകളാക്കുന്ന തരത്തിൽ അന്ധവിശ്വാസങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും കടലാസിലൊതുങ്ങി സർക്കാർ പ്രഖ്യാപിച്ച നിയമം. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്നായിരുന്നു സര്‍ക്കാർ വാഗ്ദാനം. എന്നാൽ രണ്ടു വർഷത്തിനിപ്പുറവും നിയമമുണ്ടാകാത്തതാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തീചാമുണ്ഡി കോലം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

കണ്ണൂര്‍ ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്നികോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശമുയർത്തിനുപിന്നാലെയാണു കമ്മിഷനിൽ കേസെടുത്തത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുവേണ്ടി 2021 ഓഗസ്റ്റ് ആറിന് എംഎല്‍എ കെ ഡി പ്രസേനന്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സമാനമായ കരട് ബില്‍ സര്‍ക്കാര്‍ തയാറാക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് നിയമസഭയെ അറിയിച്ചത്. നിയമപരിഷ്‌കരണ കമ്മിഷന്റെ കൂടി അഭിപ്രായം പരിഗണിച്ച് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നായിരുന്നു അന്ന് മന്ത്രി പറഞ്ഞത്.

ആ വർഷം ഒക്ടോബറില്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും നിയമങ്ങളുടെ മാതൃകയില്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷന്‍ സര്‍ക്കാരിന് ശിപാര്‍ശകള്‍ കൈമാറി.' ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021' എന്ന് പേരിട്ട ബിൽ നിയമവകുപ്പ് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണിക്കാനായി കൈമാറി. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.

സമൂഹത്തിലെ അനാചാരങ്ങള്‍ തടയാന്‍ പോലീസിന് വിപുലമായ അധികാരങ്ങളാണ് ബിൽ നല്‍കുന്നത്

അന്ധവിശ്വാസത്തിന്റെ പേരില്‍ പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. കരട് ബിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു പരിശോധിച്ച ശേഷം ചില സങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിയമവകുപ്പിലേക്ക് മടക്കി. ആഭ്യന്തരവകുപ്പില്‍നിന്ന് ബിൽ തിരികെയത്തി മാസങ്ങള്‍ പിന്നിട്ടിട്ടും തുടർനടപടികളുടെ കാര്യത്തിൽ നിയമവകുപ്പ് താല്‍പ്പര്യം കാണിക്കുന്നില്ല. മതപരമായ ആചാരങ്ങള്‍ പോലും കുറ്റക്യത്യമാകുന്ന ചില വ്യവസ്ഥകളില്‍ തീരുമാനമെടുക്കുന്നതിൽ നിയമവകുപ്പ് ആശയക്കുഴപ്പത്തിലാണെന്നാണു വിവരം.

അനാചാരങ്ങളനുഷ്ഠിക്കുന്നതിനിടെ പരുക്കുകളോ മരണമോ സംഭവിച്ചാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഐപിസി 300, 326 വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുന്നതിന് ബിൽ വ്യവസ്ഥ ചെയ്യുന്നു

അനാചാരങ്ങള്‍ തടയാന്‍ പോലീസിന് വിപുലമായ അധികാരങ്ങളാണ് ബിൽ നല്‍കുന്നത്. തട്ടിപ്പ് കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താനും ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാനും പോലീസിന് അധികാരമുണ്ടാവും. അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50,000 രൂപവരെ പിഴയും ലഭിക്കും.

അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനിടെ പരുക്കുകളോ മരണമോ സംഭവിച്ചാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ഐപിസി 300, 326 വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മതസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നടന്നുവരുന്ന ജീവഹാനിയാകാത്ത പ്രവര്‍ത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇരയായവര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കരട് ബിൽ നിര്‍ദേശിക്കുന്നു. ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. എന്നാല്‍ അന്ധവിശ്വാസങ്ങൾക്കു തടയുന്നതു സംബന്ധിച്ച ബിൽ സർക്കാർ ഇക്കൂട്ടത്തിലേക്കു പരിഗണിച്ചേയില്ല.

ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021 സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തിരുമാനിക്കാത്ത സാഹചര്യത്തില്‍ കരടുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുപോകുമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു ഐ എ എസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. കരട് ബിൽ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിയമ വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും തിരികെ ലഭിക്കുന്ന മുറയ്ക്ക് നിയമമാക്കാനുള്ള തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള ആതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം സഹായിക്കും
ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ്കുമാര്‍

കുട്ടികളെ ഉപയോഗിച്ചുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ആതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണമെന്ന ആവശ്യം 2014ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യമായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. കേരളാ എക്സ്പ്ലോയിറ്റേഷന്‍ ബൈസൂപ്പര്‍സ്റ്റിഷന്‍ (പ്രിവന്‍ഷന്‍) ആക്ട് 2014, എന്ന കരട് ബിൽ നിയമ വകുപ്പ് തയാറാക്കിയെങ്കിലും സഭയുടെ മേശപ്പുറത്ത് വന്നില്ല. 2017 ല്‍ അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസ് സമാനമായ സ്വകാര്യബിൽ സഭയുടെ മേശപ്പുറത്ത് വച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി