വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷ റദ്ദാക്കി. പരീക്ഷയില്‍ ഉപയോഗിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഗൈഡില്‍ നിന്ന് പകര്‍ത്തിയവയാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. മാര്‍ച്ച് നാലിന് നടത്തിയ പരീക്ഷയാണ് പിഎസ്‌സി റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
2019ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാകുന്ന പുസ്തകത്തിലെ തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയാണ് പിഎസ്‌സി പരീക്ഷ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പുസ്തകത്തിലെ ചില പേജുകളില്‍ നിന്ന് ഒന്നിലധികം ചോദ്യങ്ങള്‍ ഒരു മാറ്റവുമില്ലാതെയാണ് പിഎസ്‌സി പകര്‍ത്തി പരീക്ഷ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാകുന്ന പുസ്തകത്തിലെ തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയെന്നാണ് ആക്ഷേപം
2021 സെപ്റ്റംബറിലാണ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഥവാ പ്ലംബര്‍ ഒഴിവുകളിലേക്ക് പിഎസ്‌സി വിജ്ഞാപനം ഇറക്കിയത്. 22,000 ത്തിലധികം പേര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയും മാര്‍ച്ച് നാലിന് പരീക്ഷ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യങ്ങളില്‍ ഭൂരിഭാഗവും പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.