സംസ്ഥാനത്ത് പലയിടത്തും ഞായറാഴ്ച രാത്രി മുതൽ കനത്ത മഴ. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറുകളിൽ ജില്ലയിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജില്ലയിലെ മലയോര മേഖലകളായ പൊന്മുടി, വിതുര, നെടുമങ്ങാട്, പാലോട് അടക്കമുളള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു. കോഴിക്കോടും കണ്ണൂരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്.
40 മുതൽ 50 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.