KERALA

കേരളഗാനത്തിലും വാക്‌പോര്; തമ്പിയുടെ വരികൾ ക്ലീഷേയെന്ന് സച്ചിദാനന്ദൻ, അവസരം കാത്തിരുന്ന് അവഹേളിച്ചെന്ന് ശ്രീകുമാരൻ തമ്പി

സച്ചിദാനന്ദന് തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അവസരം കാത്തിരുന്ന് തന്നെ അവഹേളിക്കുകയായിരുന്നു എന്നും ശ്രീകുമാരൻ തമ്പി

വെബ് ഡെസ്ക്

കേരളം ഗാനവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയിൽ പോര് മുറുകുന്നു. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികൾ ക്ലീഷേ ആയതുകൊണ്ടാണെന്ന് അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ പറഞ്ഞു. എന്നാൽ സച്ചിദാനന്ദന് തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അവസരം കാത്തിരുന്ന് തന്നെ അവഹേളിക്കുകയായിരുന്നു എന്നും ശ്രീകുമാരൻ തമ്പി തിരിച്ചടിച്ചു. തന്റെ വരികൾ ക്ലീഷേയാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

അക്കാദമിയുടെ കേരളഗാനമായി തന്റെ കവിത ആവശ്യപ്പെടുകയും, പലതവണ തിരുത്തിക്കുകയും ചെയ്തു. എന്നിട്ടും ആ പാട്ട് ഉപയോഗിക്കാതെ തന്നെ അപമാനിച്ചു എന്നായിരുന്നു ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിയുടെ ആരോപണം. സാഹിത്യോത്സവത്തിൽ പങ്കെടുത്ത തനിക്ക് വണ്ടിക്കൂലിപോലും കൃത്യമായി നൽകിയില്ലെന്ന ആരോപണവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയതിനെ തുടർന്നാണ് ആരോപണവുമായി ശ്രീകുമാരൻ തമ്പിയും വരുന്നത്.

ശ്രീകുമാരൻ തമ്പിയുടെ പാട്ട് ഒരു സമിതിയാണ് നിരസിച്ചതെന്നും. ശേഷം ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എഴുതിയ ഗാനമാണ് ചിലതിരുത്തുകളോടെ സമിതി അംഗീകരിച്ചത് എന്നും സച്ചിദാനന്ദൻ പറയുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ട് സമിതിയിലെ അംഗങ്ങൾക്കാർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാവർക്കും പാടാൻ കഴിയുന്ന തരത്തിൽ ലളിതമായ പാട്ടായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. വരികളിലുണ്ടായിരുന്ന ക്ലീഷേ പ്രയോഗങ്ങളും കേരളത്തിന്റെ മതേതര സ്വഭാവത്തിൽ ഊന്നൽ വേണമെന്ന് കമ്മിറ്റി ആവശ്യം പരിഗണിക്കാതിരുന്നതുമാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരസിക്കാനുള്ള പ്രധാനകാരണമെന്നും സച്ചിദാനന്ദൻ വിശദീകരിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ പൂർണമായും നിരാകരിക്കുകയല്ല, ഈ പ്രത്യേക പാട്ടു മാത്രമാണ് നിരസിച്ചത്. സച്ചിദാനന്ദൻ കൂട്ടിച്ചെർത്തു. എം ലീലാവതിയും എം ആർ രാഘവ വാര്യരുമുൾപ്പെട്ട സമിതിയാണ് പാട്ടു നിരസിച്ചത്. കേരളഗാനം എന്ന രീതിയിൽ ആ പാട്ടിനെ അംഗീകരിക്കുക പ്രയാസമാണ് എന്നതുകൊണ്ടാണ് സമിതി പാട്ട് നിരസിച്ചതെന്നും, ചെറിയ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഊതിപ്പെരുപ്പിക്കാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നു എന്നും സച്ചിദാനന്ദൻ പറഞ്ഞു.

ശ്രീകുമാരൻ തമ്പിയേക്കാൾ മികച്ച ഗാനരചയിതാവാണ്‌ ഹരിനാരായണൻ എന്ന് പ്രഖ്യാപിക്കുകയാണ് സച്ചിദാനന്ദൻ ഇപ്പോൾ ചെയ്തതെന്നും ശ്രീകുമാരൻ തമ്പി. അവർ എന്തിനു എന്നോട് പാട്ടെഴുതാൻ പറഞ്ഞു എന്ന്നും ശ്രീകുമാരൻ തമ്പി തിരിച്ചു ചോദിക്കുന്നു.തന്നോട് പാട്ടെഴുതി വാങ്ങിയതിന് ശേഷമാണ് വീണ്ടും കവികളിൽ നിന്ന് കേരളഗാനം ക്ഷണിക്കുന്നത് എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

താനും സച്ചിദാനന്ദനും തമ്മിൽ മുമ്പ് ഏറ്റുമുട്ടലുണ്ടായിട്ടുണ്ട് എന്നും അതിന് സച്ചിദാനന്ദൻ ചെയ്ത പ്രതികാരമാണിത് എന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. താൻ എഴുതുന്നത് ക്ളീഷെയാണെന്നു പറയാനുള്ള സന്ദർഭമുണ്ടാക്കുകയാണ് സച്ചിദാനന്ദൻ ചെയ്തത്. അവസരം കാത്തിരുന്ന് സച്ചിദാനന്ദൻ തന്നെ അവഹേളിച്ചു. തന്റെ തുറന്നുപറച്ചിൽ കാരണമാണ് സാഹിത്യ അക്കാദമി ഇതുവരെ ഒരു അവാർഡ് പോലും തനിക്ക് തരാഞ്ഞത്‌ എന്നും ശ്രീകുമാരൻ തമ്പി പറയുന്നു. അവരുടെ ട്രാപ്പിൽ താൻ വീണതാണെന്നും, അക്കാദമിക്കെതിരായി ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍