കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസുകൾ സെപ്റ്റംബർ 9ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കേസ് അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വലിയ തോതിൽ വർധിച്ചതായി ഹർജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകൻ വി കെ ബിജു ചൂണ്ടിക്കാട്ടി. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന നിലയിൽ നിന്ന് നായകളുടെ സ്വന്തം നാടായി മാറിയെന്നും അഡ്വ വി കെ ബിജു പറഞ്ഞു. പേ വിഷബാധയ്ക്ക് എതിരായ വാക്സിനെടുത്തിട്ടും 12 വയസുകാരി ഗുരുതരാവസ്ഥയിലായിരുന്ന വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സ്കൂൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കൂടുതലും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാവുന്നത്. ഇത് തീർത്തും ഗുരുതുമായ പ്രശ്നമാണ്. പാവപ്പെട്ടവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനും ഇരകൾക്കുള്ള നഷ്ടപരിഹാരം നിർണയിക്കുന്നതിനുമായി 2016ൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതസമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് എസ് സിരിജഗനിൽ നിന്ന് ഉടൻ റിപ്പോർട്ട് തേടണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.
അതേസമയം നായ്ക്കളുടെ വന്ധ്യംകരണം കേരളത്തിൽ കാര്യക്ഷമമല്ലെന്നാണ് പരാതി. വന്ധ്യംകരിക്കാനായി നായ്ക്കളെ പിടികൂടി എത്തിച്ചു കൊടുക്കാനുളള ചുമതല മിക്ക ജില്ലകളിലും കുടുംബശ്രീയ്ക്കായിരുന്നു. എന്നാൽ ഇതിനായുള്ള കുടുംബശ്രീയുടെ യോഗ്യത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും തുടർന്ന് ഹൈക്കോടതി കുടുംബശ്രീയെ ഇതിൽ നിന്നും വിലക്കുകയും ചെയ്തു. ഇതോടെ വന്ധ്യംകരണ പദ്ധതി വീണ്ടും അവതാളത്തിലായിരിക്കുകയാണ്.