KERALA

സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധം; ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി സെനറ്റ്

വിജ്ഞാപനം പിന്‍വലിക്കുന്ന മുറയ്ക്ക് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നല്‍കും. പ്രമേയത്തെ 50 പേർ അനുകൂലിച്ചു. ഏഴ് പേർ എതിർത്തു

വെബ് ഡെസ്ക്

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലർ നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയം കേരളാ സെനറ്റ് വീണ്ടും പാസാക്കി. കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് പ്രമേയത്തില്‍ പറയുന്നു. വിജ്ഞാപനം പിന്‍വലിക്കുന്ന മുറയ്ക്ക് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നല്‍കും. പ്രമേയത്തെ 50 പേർ അനുകൂലിച്ചു. ഏഴ് പേർ എതിർത്തു. 15 അംഗങ്ങളെ ഗവർണർ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് സെനറ്റ് യോഗം ചേർന്നത്. ഇവർ യോഗത്തില്‍ പങ്കെടുത്തില്ല.

ഗവർണറുടെ നടപടി ചോദ്യം ചെയ്യുന്ന തീരുമാനം കൈക്കൊള്ളാൻ പാടില്ലെന്നും സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും, എൽഡിഎഫ് അംഗങ്ങൾ ഗവർണറുടെ കമ്മിറ്റി രൂപീകരണം റദ്ദാക്കണമെന്ന മുൻ സെനറ്റ് തീരുമാനത്തിൽ ഉറച്ചുനിന്നു. വി സിയുടെ ചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വി സി ഡോ.മോഹൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഗവർണർക്കെതിരെ തീരുമാനമെടുക്കുന്നതും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാതെ വി സി നിയമനം നീട്ടിക്കൊണ്ടുപോകുന്നതും ഹൈക്കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. എന്നാൽ ഗവർണറുടെ നടപടിക്കെതിരെയുള്ള സെനറ്റിന്റെ മുൻ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന് വിലയിരുത്തി നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് ഇന്ന് രാവിലെ എകെജി സെന്ററിൽ വിളിച്ചുചേർത്ത എൽഡിഎഫ് സെനറ്റ് അംഗങ്ങളുടെ യോഗത്തിൽ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അംഗങ്ങള്‍ യോഗത്തിനെത്തിയത്.

ഇന്ന് ചേരുന്ന സ്പെഷ്യൽ സെനറ്റ് യോഗം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, അതിനുശേഷമാണ് എല്‍ഡിഎഫ് സെനറ്റ് അംഗങ്ങളുടെ യോഗത്തില്‍ തീരുമാനം മാറ്റിയത്.

വി സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. ഓഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസം കൂടി നീട്ടിയിരിക്കുകയാണ്. സെനറ്റിന്റെ പ്രതിനിധി ഇല്ലാത്തതിനാല്‍ വി സി നിയമനത്തിന് മുന്നോടിയായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ