കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് വഴങ്ങി വി സി ഡോ. മഹാദേവന്‍ പിള്ള. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവർണറെ അറിയിച്ചു. ഈ മാസം 11ന് മുൻപ് യോഗം വിളിക്കാമെന്നാണ് ഗവർണറെ അറിയിച്ചിരിക്കുന്നത്. സെനറ്റ് പിരിച്ചുവിടേണ്ടി വരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം. യോഗം വിളിച്ചുചേർക്കണമെന്ന് മൂന്ന് തവണയാണ് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടത്. സെനറ്റ് പേരു നൽകാത്തതിനാൽ ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
വി സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കേണ്ടത് സെനറ്റാണ്. എന്നാൽ ഗവർണറുടെ ആവശ്യം അംഗീകരിക്കാതെ സർവകലാശാല ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. പിന്നീട് യുജിസി പ്രതിനിധിയെയും ഗവർണറുടെ പ്രതിനിധിയെയും ഉൾപ്പെടുത്തി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
എന്നാൽ ഗവർണറുടെ ഏകപക്ഷീയമായ നടിപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു സിൻഡിക്കേറ്റ് നിലപാട്. വിസി നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും വി സി കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി പിൻവലിക്കണെമെന്ന സെനറ്റ് പ്രമേയത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് യോഗം വിളിക്കാത്തതെന്നും വി സി വിശദീകരിക്കുകയും ചെയ്തു.