KERALA

ആത്മഹത്യയോ അതോ കൊലപാതകമോ? സിദ്ധാര്‍ഥന്റെ മരണത്തില്‍ വിദഗ്ധപരിശോധനയ്ക്ക് സിബിഐ, ഡല്‍ഹി എയിംസിന്റെ സഹായം തേടി

പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ചിത്രങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് ഡോക്ടറുടെ കുറിപ്പുകള്‍ എന്നിവ വിശദമായി പരിശോധിക്കും

വെബ് ഡെസ്ക്

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യ തന്നെയോ എന്നതില്‍ വിശദപരിശോധനയ്ക്ക് ഒരുങ്ങി സിബിഐ. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹി സിബിഐ യൂണിറ്റ് എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് തൂങ്ങിമരണമെന്ന നിഗമനം പുനഃപരിശോധിക്കുകയാണെന്ന് വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡല്‍ഹി എയിംസിന്റെ സഹായം തേടിയിരിക്കുകയാണ് സിബിഐ. സിദ്ധാര്‍ഥന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ഫോട്ടോകള്‍ സഹിതം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് ഡോക്ടറുടെ കുറിപ്പുകള്‍ എന്നിവ വിശദമായി പരിശോധിക്കും. ഇതിനായാണ് ഡല്‍ഹി എയിംസിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധാഭിപ്രായം അഭിപ്രായം കാത്തിരിക്കുകയാണ് തങ്ങളെന്നും മരണത്തില്‍ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിദ്ധാര്‍ഥന്റെ മരണം പുനഃസൃഷ്ടിച്ചിരുന്നു. വിദ്യാര്‍ഥിയുടെ അതേ ഉയരവും ഭാരവുമുള്ള ഡമ്മി ഉപയോഗിച്ചായിരുന്നു ന്യൂഡല്‍ഹി സിഎഫ്എസ്എല്ലില്‍നിന്നുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന. കുളിമുറിയുടെ അളവുകള്‍, അകത്തെ ബോള്‍ട്ടിന്റെ സ്ഥാനം, വാതിലിന്റെ പൊട്ടിയ അവസ്ഥ തുടങ്ങിയവ സിഎഫ്എസ്എല്‍ സംഘം രേഖപ്പെടുത്തി. ശുചിമുറിയില്‍ ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നുവെന്നും ഫൈനല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സിദ്ധാര്‍ഥന്‍ ഹോസ്റ്റലില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ധാര്‍ഥന്‍ കോളേജ് ക്യാമ്പസില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു, സമൂഹവിചാരണയ്ക്ക് വിധേയനായി, മണിക്കൂറുകളോളം വൈദ്യസഹായം നിഷേധിക്കപ്പെട്ടുവെന്നും സിബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സിദ്ധാര്‍ഥനെ മറ്റ് വിദ്യാര്‍ഥികള്‍ ആക്രമിക്കുന്നത്. ഹോസ്റ്റലില്‍ പരസ്യവിചാരണ നടത്തിയായിരുന്നൂ ആക്രമണം. അര്‍ധനഗ്നനാക്കി തുടര്‍ച്ചയായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു. ബെല്‍റ്റും കേബിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഹോസ്റ്റല്‍ അന്തേവാസികളുടെ മുമ്പാകെ കുറ്റം 'ഏറ്റുപറയാന്‍' നിര്‍ബന്ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹോസ്റ്റലില്‍ നേരിട്ട അപമാനവും ആക്രമണവും സിദ്ധാര്‍ത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചു. ഹോസ്റ്റലില്‍ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം വലിയ മാനസികാഘാതം സൃഷ്ടിച്ചു. ഇതാണ് സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നും അന്തിമ പ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിദ്ധാര്‍ത്ഥനെ ആക്രമിച്ച പ്രതികളുടെ ചെയ്തികള്‍ എണ്ണിപ്പറയുന്നതാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥനെ ആക്രമിക്കാന്‍ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി. കൃത്യം നടന്ന ദിവസവും സമയവും ആളുകളുടെ ഇടപെടലും വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി