വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ ശരീരത്തിൽ ഗുരുതരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് രണ്ട് മൂന്നു ദിവസം മുമ്പുണ്ടായതാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വടി, റബ്ബര്‍/പിവിസി പൈപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് മാരകമായ മര്‍ദ്ദിച്ചതിനേത്തുടര്‍ന്നുണ്ടായ പാടുകളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ക്യാംപസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സിദ്ധാർത്ഥനെ സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് മർദിച്ചിരുന്നുവെന്നും കുടുംബം 'ദ ഫോർത്തിനോട്' പ്രതികരിച്ചിരുന്നു. കെട്ടിത്തൂങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും മർദനം മൂലമുണ്ടായ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ കണ്ടെത്തിയത് ഈ ആരോപണം ശരിവയ്ക്കുന്നു. കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലും സിദ്ധാർഥൻ റാഗിങ്ങിന് ഇരായായതായി കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് കുറ്റക്കാരെന്നു സംശയിക്കുന്ന 12 വിദ്യാർഥികളെ ഫെബ്രുവരി 23ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. അന്വേഷണ ചുമതലയുള്ള കൽപ്പറ്റ ഡി വൈ എസ് പി ഞായറാഴ്‌ച വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴി എടുത്തിരുന്നു. കുറ്റാരോപിതരായ വിദ്യാർഥികളെ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചനയുണ്ടെന്ന് കുടുംബം ദ ഫോർത്തിനോട് പറഞ്ഞു.
സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഒരുദിവസം മുൻപ്, സീനിയർ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ബെൽറ്റും വയറും ഉപയോഗിച്ച് മർദിച്ചുവെന്നും വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതൊരു കൊലപാതകമാണെന്ന് സിദ്ധാർഥന്റെ ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായി പിതാവ് പ്രകാശനും ആരോപിച്ചിരുന്നു.
ആദ്യഘട്ടത്തിൽ സിദ്ധാർത്ഥൻ്റേത് ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് റാഗിങ് നടന്നതായി കണ്ടെത്തിയതും വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതും.