പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട പരസ്പരം പഴിചാരി അധികൃതര്‍. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഒന്നും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് നിലവിൽ സസ്പെൻഷൻ നടപടി നേരിട്ട വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ആർ ശശീന്ദ്രനാഥും ഡീൻ ഡോ. എം കെ നാരായണനും സ്വീകരിക്കുന്നത്. തങ്ങള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്നതിന് ഒപ്പം സിദ്ധാർഥന് മർദനമേറ്റ കാര്യം വിദ്യാർഥികൾ ആരും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് വിവരങ്ങളറിഞ്ഞില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഡീൻ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. ഡീന്‍ വിഷയം തന്നോട് പറഞ്ഞില്ലെന്ന നിലപാടാണ് വി സി കൈക്കൊള്ളുന്നത്.
വൈസ് ചാൻസലർ ശശീന്ദ്രനാഥിനെ ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ സസ്‌പെൻഡ് ചെയ്തിരുന്നു
കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ശശീന്ദ്രനാഥിനെ ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെൻഡ് ചെയ്തിരുന്നു. ഞായറാഴ്ച ഡീന്‍ മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും പ്രതികരിച്ചിരുന്നു. മരണവിവരം മാത്രമേ അറിയിച്ചിട്ടുള്ളുവെന്നാണ് വി സി പറയുന്നത്. 'എല്ലാദിവസവും ഹോസ്റ്റൽ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കേണ്ട ചുമതല അസിസ്റ്റന്റ് വാർഡനുള്ളതാണ്. എന്നാൽ അവിടെ വീഴ്ച സംഭവിച്ചു. മൂന്ന് ദിവസം അവിടെ സിദ്ധാർഥൻ നേരിട്ട പീഡനങ്ങൾ അറിഞ്ഞിരിക്കുക എന്നത് ഡീനിന്റെ ഉത്തരവാദിത്വങ്ങളിൽ പെട്ടതാണ്. അതറിയാൻ സാധിച്ചില്ല എന്നത് 'വാർഡൻ' ചുമതലയുള്ള ഡീനിന്റെ കുഴപ്പമാണ്' -വി സി ദ ഫോർത്തിനോട് പറഞ്ഞു.
ഫെബ്രുവരി 18ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി വിസിയെ ഫോണിൽ ബന്ധപ്പെട്ട് മരണം നടന്ന കാര്യമെല്ലാം ബോധിപ്പിച്ചിരുന്നുവെന്ന് ഡീൻ പറയുന്നു
എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സിദ്ധാർത്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫെബ്രുവരി 18ന് വി സിയും പൂക്കോട് കോളേജിലുണ്ടായിരുന്നു. ഡീനിന്റെ പ്രതികരണവും ഇതിനെ സാധൂകരിക്കുന്നതാണ്. ഡീൻ കഴിഞ്ഞ ദിവസം ദ ഫോർത്തിനോട് പറഞ്ഞതനുസരിച്ച് അദ്ദേഹം വിസിക്ക് ദിവസേനയുള്ള റിപ്പോർട്ട് നൽകിയിരുന്നു. അതിൽ സിദ്ധാർത്ഥന്റെ മരണവും സൂചിപ്പിച്ചിരുന്നു. എന്നാൽ താനും മർദനമേറ്റ വിവരങ്ങൾ അറിഞ്ഞിരുന്നില്ലെന്നും, യു ജി സി ഫെബ്രുവരി 21ന് റിപ്പോർട്ട് അയയ്ക്കുമ്പോളാണ് കാര്യങ്ങൾ മനസിലാക്കിയതെന്നുമാണ് പറയുന്നത്. വിദ്യാർഥികളോട് ഫെബ്രുവരി 18ന് തന്നെ കാര്യങ്ങൾ തിരക്കിയെങ്കിലും ഒരാൾ പോലും ഒന്നും പറയാൻ തയാറായില്ല. ആരും ഒന്നും കണ്ടിട്ടില്ല എന്നാണ് വിദ്യാർഥികൾ പറഞ്ഞതെന്നും ഡീൻ പറയുന്നു.
നേരത്തെ വന്ന പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽനിന്ന് പുറത്തെത്തിച്ചത്. എന്നാൽ താൻ എത്തുമ്പോഴേക്ക് വിദ്യാർഥികൾ ശുചിമുറിയുടെ വാതിൽ ചവിട്ടുപൊളിച്ചിരുന്നു എന്ന് ഡീൻ പറയുന്നു. ഇങ്ങനെയൊരു ആത്മഹത്യ ശ്രമം ഉണ്ടായെന്നറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ അവിടെ എത്തിയെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മരണവിവരം മാത്രമേ അറിയിച്ചിട്ടുള്ളുവെന്നാണ് വി സി പറയുന്നത്. എല്ലാദിവസവും ഹോസ്റ്റൽ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കേണ്ട ചുമതല അസിസ്റ്റന്റ് വാർഡനുള്ളതാണ്. എന്നാൽ അവിടെ വീഴ്ച സംഭവിച്ചു. മൂന്ന് ദിവസം അവിടെ സിദ്ധാർഥൻ നേരിട്ട പീഡനങ്ങൾ അറിഞ്ഞിരിക്കുക എന്നത് ഡീനിന്റെ ഉത്തരവാദിത്വങ്ങളിൽ പെട്ടതാണ്. അതറിയാൻ സാധിച്ചില്ല എന്നത് 'വാർഡൻ' ചുമതലയുള്ള ഡീനിന്റെ കുഴപ്പമാണെന്നും വി സി ദ ഫോർത്തിനോട് പറഞ്ഞു.
വൈസ് ചാൻസലർ ഫെബ്രുവരി 18ന് വൈകിട്ട് നാലുമണി മുതൽ ക്യാമ്പസിലുണ്ടായിരുന്നു. മരണവിവരം അറിഞ്ഞിരുന്നിട്ടും അദ്ദേഹം ഫെബ്രുവരി 19ന് പൊതുദർശനം നടക്കുമ്പോൾ മാത്രമാണ് വന്നതെന്നും ഡീൻ പറയുന്നു. അടുത്ത ദിവസം ക്യാമ്പസിൽ അധ്യാപകരുടെ പ്രൊമോഷൻ സംബന്ധിച്ച് നടക്കേണ്ടിയിരുന്ന പരിപാടിയുടെ തിരക്കുകൾ ഉള്ളതിനാലാണ് താൻ ഡീനിനെ കാണാതിരുന്നതെന്ന് വി സി യും സമ്മതിക്കുന്നു.