KERALA

വടക്കന്‍ കേരളത്തില്‍ മഴ കനക്കും, നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത

കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ സജീവമായി സ്ഥിതിചെയ്യുന്ന ന്യുന മര്‍ദ പാത്തിയും തെക്കു കിഴക്കന്‍ മധ്യ പ്രദേശിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുമാണ് കേരളത്തില്‍ മഴ സജീവമാക്കുന്നത്

വെബ് ഡെസ്ക്

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ സജീവമായി സ്ഥിതിചെയ്യുന്ന ന്യുന മര്‍ദ പാത്തിയും തെക്കു കിഴക്കന്‍ മധ്യ പ്രദേശിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുമാണ് കേരളത്തില്‍ മഴ സജീവമാക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രകാരം കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഇടി / മിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണ്.

ഇവിടങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ്സ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല. പാലക്കാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നെല്ലിയാമ്പതിയിലേക്ക് രാത്രിയാത്രാനിരോധനവും നടപ്പാക്കിയിട്ടുണ്ട്. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി ) അടുത്ത ചൊവ്വാഴ്ച വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ 8.00 ന് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക. അപ്പോള്‍ പുഴയില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദധമാകാനും സാധ്യത

ശക്തമായ മഴയ്‌ക്കൊപ്പം കേരള തീരത്ത് 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദധമാകാനും സാധ്യതയുണ്ടെന്നും കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലക്ഷദ്വീപ്, കര്‍ണാടക, മാഹി തീരങ്ങള്‍ക്കും ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്