KERALA

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് തീരദേശം പ്രക്ഷുബ്ധം, അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി

വെബ് ഡെസ്ക്

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും തീരദേശം പ്രക്ഷുബ്ധം. തിരുവനന്തപുരത്ത് കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെരുമാതുറ ഭാഗത്തുണ്ടായ കടലേറ്റത്തില്‍ കടല്‍ ഭിത്തികള്‍ തകർന്നു. വലിയ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

തീരദേശമേഖലയായ അഞ്ചുതെങ്കിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. മുന്‍കരുതല്‍ ഭാഗമായി ഇന്നലെ തന്നെ പല വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴയിലും കടലേറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ കടലാക്രമണവുമുണ്ട്. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും പ്രദേശത്ത് നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടല്‍ കയറിയത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിന് വരും ദിവസങ്ങളില്‍ ശമനമുണ്ടായേക്കുമെന്നും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വയനാട്ടിലും ബുധനാഴ്ച മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും