സീതാറാം യെച്ചൂരി 
KERALA

'ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം, ഏകീകരണം എന്ന ആശയത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകള്‍': സീതാറാം യെച്ചൂരി

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വെബ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കേരളം ഇന്ത്യക്ക് വഴി കാട്ടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗ്ഗീയ ധ്രുവീകരണത്തിനും തിരഞ്ഞെടുപ്പിനുമുള്ള ആയുധമായാണ് കേന്ദ്രം ഏക സിവില്‍ കോഡിനെ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമുദായിക പരിഷ്‌കരണം വരേണ്ടത് ഉള്ളില്‍ നിന്നാണ്. അല്ലാത്ത ശ്രമങ്ങള്‍ ജനാധിപത്യപരമല്ല. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ അപകടം വരുത്തുന്നതാണ് പുതിയ നീക്കങ്ങള്‍. ഇത് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും യെച്ചൂരി പറഞ്ഞു. ഏക വ്യക്തി നിയമം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വന്നത് സാമൂദായിക ഭിന്നത രൂക്ഷമാക്കുന്നതിന് വേണ്ടിയാണെന്നും പലവിധത്തിലുള്ള അഭ്യാസങ്ങള്‍ നടത്തി കഴിഞ്ഞതിന് ശേഷം ഇപ്പോള്‍ ഏകീകൃത സവില്‍കോഡ് വിഷയവുമായാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പറയുന്ന സിവില്‍ കോഡ് ആര്‍ക്ക് വേണ്ടിയെന്ന് ആലോചിക്കണമെന്നും യെച്ചൂരി ചോദിച്ചു.

ഹിന്ദു മുസ്ലിം വിഭാഗീയതയുണ്ടാക്കി തിരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിൽ. മുസ്ലിം സമുദായത്തെ ടാര്‍ഗറ്റ് ചെയ്യുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നു. ഗോ സംരക്ഷണം എന്ന പേരില്‍ പ്രത്യേക നിയമങ്ങളുണ്ടാക്കി പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്നു. ഏകീകരണം എന്ന പേരില്‍ ഭിന്നിപ്പ് ആണ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഭാഗത്തില്‍ പരിഷ്‌കരണം വേണമെങ്കില്‍ ആ വിഭാഗത്തില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അഭിപ്രായ രൂപീകരണം വേണം ഇതാണ് സിവില്‍ നിയമത്തില്‍ സിപിഎം നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.

'പ്രധാന മന്ത്രി ഇപ്പോള്‍ ഒരു വീട്ടില്‍ രണ്ട് നിയമങ്ങള്‍ പാടില്ല എന്ന് പറയുന്നത് സാമുദായിക ധ്രൂവീകരണം മാത്രം ലക്ഷ്യം വച്ചാണ്. രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ തന്നെ മാറ്റം വരുത്തുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. ഏക വ്യക്തി നിയമം വൈവിധ്യങ്ങളുടെ ഐക്യത്തോടെയുള്ള ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കും, ഇന്ത്യ എന്ന സങ്കല്‍പത്തെ തന്നെ അങ്ങേ അറ്റം ദുര്‍ബലമാക്കും' -യെച്ചൂരി പറഞ്ഞു. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യംവച്ചുള്ളതാണ് ഈ പോക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിംഗസമത്വം മാത്രമല്ല ഉദ്ദേശിക്കുന്നത്. ലിംഗ സമത്വത്തിന് വ്യക്തി തിയമത്തില്‍മാറ്റം വേണം എന്നാല്‍ അത് അടിച്ചേല്‍പിക്കരുത്. രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങള്‍ തകര്‍ക്കുന്നു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ വൈവിദ്ധ്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു യെച്ചൂരിയുടെ പ്രസംഗം.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം