KERALA

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ: ആരോഗ്യ മന്ഥന്‍ പുരസ്‌കാരം വീണ്ടും കേരളത്തിന്

അവാര്‍ഡിന് പുറമെ ബ്രെയില്‍ ലിപിയില്‍ ചികിത്സാ കാര്‍ഡുകള്‍ അവതരിപ്പിച്ച് കാസ്പിന്റെ അന്ധരായ ഗുണഭോക്താക്കള്‍ക്കുള്ള മികച്ച സേവനത്തിനുള്ള അവാര്‍ഡും കേരളത്തിന് ലഭിച്ചു

വെബ് ഡെസ്ക്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം വീണ്ടും കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് കേരളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.ബ്രെയില്‍ ലിപിയില്‍ ചികിത്സാ കാര്‍ഡുകള്‍ അവതരിപ്പിച്ച് കാസ്പിന്റെ അന്ധരായ ഗുണഭോക്താക്കള്‍ക്കുള്ള മികച്ച സേവനത്തിനുള്ള പുരസ്‌കാരവും കേരളത്തിന് ലഭിച്ചു.

എബിപിഎംജെഎവൈയുടെ വര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എബിപിഎംജെഎവൈ പദ്ധതി മുഖാന്തരം രാജ്യത്ത് 'ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം', പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് 'മികവുറ്റ പ്രവര്‍ത്തനങ്ങള്‍' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 613 ആശുപത്രികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യ ചികിത്സാ സേവനം ലഭ്യമാകുന്നുണ്ട്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്നു ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാന പരിധിയുള്ള കുടുംബങ്ങള്‍ക്കായി കാരുണ്യാ ബെനവലന്റ് ഫണ്ട് പദ്ധതി മുഖാന്തരവും ഈ ആശുപത്രികള്‍ വഴി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗത്തിന്റെ മുന്‍പില്‍ ആരും നിസഹായരായി പോകാന്‍ പാടില്ല. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ 'കാസ്പ്' വഴി സാധാരണക്കാര്‍ക്ക് ചികില്‍സ നല്‍കിയ വകയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപയെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമസഭയില്‍ ആരോഗ്യമന്ത്രി നല്‍കിയ ഏറ്റവും പുതിയ കണക്കനുസരിച്ച്, പൊതു ആശുപത്രികളിലേക്ക് കാസ്പ് അടച്ചത് 822.42 കോടി രൂപയാണ്. ക്ലെയിം റീഇംബേഴ്സ്മെന്റ് കുടിശ്ശികയായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 208.73 കോടി രൂപ നല്‍കാനുണ്ട്. സിഎജി റിപ്പോര്‍ട്ട് പ്രകാരം 8,43,790 ക്ലെയിമുകളില്‍ നിന്ന് 985.28 കോടി രൂപ വരുന്ന അണ്‍സെറ്റില്‍ഡ് ക്ലെയിമുകള്‍ രാജ്യത്ത് ഏറ്റവുമധികം വരുന്നത് കേരളത്തിലാണെന്നാണ് ദ ഹിന്ദു റപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതു ആശുപത്രികള്‍, പ്രമുഖ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ഭീമമായ കുടിശ്ശിക കാരണം തകര്‍ച്ചയുടെ വക്കിലാണെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ മുടങ്ങിക്കിടക്കുന്ന പേയ്മെന്റുകള്‍ ക്ലിയര്‍ ചെയ്യുന്നത് വരെ കാസ്പ് പ്രകാരം സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് സ്വകാര്യ ആശുപത്രികള്‍ എന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി