KERALA

പായ്‌വഞ്ചിയില്‍ ലോകം ചുറ്റാന്‍ കോഴിക്കോട്ടുകാരി

യാത്ര പൂര്‍ത്തിയാക്കുന്നതോടെ പായ്‌വഞ്ചിയില്‍ തനിച്ച് ലോകം ചുറ്റുന്ന ഏഷ്യയിലെ ആദ്യ വനിതയാകും ദില്‍ന

തുഷാര പ്രമോദ്

ഇരുനൂറ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നൊരു സാഹസിക യാത്ര; പായ്‌വഞ്ചിയില്‍ മറ്റ് സഹായങ്ങളൊന്നുമില്ലാതെ ആഴക്കടലിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തനിച്ചുള്ള യാത്ര; പാചകം മുതല്‍ പായ്‌വഞ്ചിയുടെ അറ്റകുറ്റപണികള്‍ വരെ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരും. അപകടങ്ങള്‍ പതിയിരിക്കുന്ന ആഴക്കടലില്‍ പായ്‌വഞ്ചിയില്‍ ഒറ്റയ്ക്കൊരു സാഹസിക യാത്രയ്ക്കൊരുങ്ങുകയാണ് കോഴിക്കോട്ടുകാരിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന. യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ പായ്‌വഞ്ചിയില്‍ തനിച്ച് ലോകം ചുറ്റുന്ന ഏഷ്യയിലെ തന്നെ ആദ്യ വനിതയാകും അവര്‍.

പായ്‌വഞ്ചിയിലെ ലോകയാത്രയ്ക്കായി നാവികസേന പരിശീലിപ്പിക്കുന്ന രണ്ട് വനിതാ ഓഫീസര്‍മാരില്‍ ഒരാളാണ് ദില്‍ന. പോണ്ടിച്ചേരി സ്വദേശിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ അഴഗിരി സ്വാമിയും ദില്‍നയ്‌ക്കൊപ്പം പരിശീലനം നേടുന്നുണ്ട്. പരിശീലനം പൂര്‍ത്തിയതിശേഷം നാവികസേന തിരഞ്ഞെടുക്കുന്നയാളായിരിക്കും ഈ സഹസികയാത്ര നടത്തി ചരിത്രം കുറിക്കുന്നത്.

നാവികസേനയുടെ പായ്ക്കപ്പലായ ഐഎന്‍എസ്‌വി തരിണിയിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ദില്‍നയും രൂപയും ഉള്‍പ്പെടെ ആറ് നാവികരുമായി പായ്ക്കപ്പല്‍ ഗോവന്‍ തീരത്തെത്തിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് പായ്ക്കപ്പല്‍ ഗോവയില്‍ ഫ്ളാഗ് ഇൻ ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും അവിടെ നിന്ന് ട്രാന്‍സ്‌ലാന്റിക്‌ പര്യടനവും പൂര്‍ത്തിയാക്കിയാണ് ഐഎന്‍എസ്‌വി തരിണി ഗോവയില്‍ തിരിച്ചെത്തിയത്. ഈ യാത്രയില്‍ 17,000 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ഏഴ് മാസത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയതെന്ന് ദില്‍നയുടെ സഹോദരന്‍ പ്രദീപ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി ദേവദാസിന്റെയും റീജയുടെയും മകളാണ് ദില്‍ന. ഭര്‍ത്താവ് ലഫ്റ്റനന്റ് കമാന്‍ഡര്‍ ധനേഷ് കുമാറും നാവികസേനാ ഉദ്യോഗസ്ഥനാണ്.

ക്രിക്കറ്റിലും ഷൂട്ടിങ്ങിലും കഴിവ് തെളിയിച്ച ദില്‍നയ്ക്ക് സൈന്യത്തില്‍ ചേരാനുള്ള അതിയായ ആഗ്രഹമാണ് ഇന്ത്യന്‍ നാവിക സേനയിലേക്ക് അവരെ എത്തിച്ചത്. 2014ലാണ് ലോജിസ്റ്റിക് ഓഫീസറായി നാവികസേനയില്‍ ചേരുന്നത്. നാവികസേനയുടെ ഷൂട്ടിങ് ടീമിലും സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്നാണ് പായ്ക്കപ്പലില്‍ ലോകം ചുറ്റാനുള്ള പരിശീലനത്തിനായി നാവികസേന ദില്‍നയെ തിരഞ്ഞെടുക്കുന്നത്. മലയാളിയായ കമാന്‍ഡര്‍ അഭിലാഷ് ടോമി പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി വന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സില്‍ വിജയക്കൊടി പാറിച്ചതിന് പിന്നാലെയാണ് ദില്‍നയുടെ യാത്ര. സമുദ്രങ്ങളെ കീഴടക്കി മറ്റൊരു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മലയാളി വനിത.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ