കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് രണ്ടു ലക്ഷത്തിലധികം കള്ളവോട്ടുകൾ ചെയ്തു എന്ന വാർത്ത കേരളത്തിലെ കോൺഗ്രസിനെ മനസിലാക്കിയവർക്ക് ഞെട്ടലൊന്നും ഉണ്ടാക്കാനിടയില്ല. ആ സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ തമ്മിൽ തല്ലുകൾ, ഗ്രൂപ്പ് വഴക്കുകൾ ഇതൊക്കെ വർഷങ്ങളായി കണ്ട കേരളീയർക്ക് ഇതിൽ പുതുമയും തോന്നാനിടയില്ല. സുധാകരനും വി ഡി സതീശനും മൈക്കിന് വേണ്ടി തമ്മിൽത്തല്ലുന്ന ദൃശ്യത്തിൽ കേരളീയർക്ക് അസ്വാഭാവികമായി ഒന്നും തോന്നുന്നില്ല എന്നിടത്ത് ഈ വാർത്ത തീർത്തും സ്വാഭാവികവും സാധാരണവുമായ ഒന്നാകും. എന്നാൽ ഇവിടെ വ്യാജമായി നിർമ്മിച്ചിരിക്കുന്നത് കോൺഗ്രസിന്റെ മെമ്പർഷിപ്പല്ല, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്ന തിരിച്ചറിയൽ കാർഡ് തന്നെയാണെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ എഐസിസിക്ക് പരാതി നൽകിയതിനെ തുടർന്നാണ് വിവരം പൊതുമധ്യത്തിലെത്തുന്നത്.
ആകെ പോൾ ചെയ്ത വോട്ടുകൾ 7,29,626 ആണ്. അതിൽ 2,16,462 വോട്ടുകളാണ് അസാധുവായത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച 2,21,986 വോട്ടുകൾക്കൊപ്പത്തിനൊപ്പം വരും അസാധുവായ വോട്ടുകൾ എന്ന് പറയുന്നിടത്ത് കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാവുകയാണ്. ലഭിച്ച വോട്ടുകളുടെ എണ്ണം വച്ച് നോക്കിയാൽരണ്ടാം സ്ഥാനമുണ്ട് അസാധുവോട്ടുകൾക്ക്. അതും കഴിഞ്ഞ് മൂന്നാം സ്ഥാനത്ത് മാത്രമേ 1,68,588 വോട്ടുകൾ നേടിയ അബിൻ വർക്കി വരൂ.
വ്യാജ തിരിച്ചറിയൽ കാർഡുകളും, കള്ളവോട്ടുകളും കൊണ്ടുമാത്രമല്ല ഈ സംഘടനാ തിരഞ്ഞെടുപ്പ് ഒരു തമാശയാകുന്നത്. പാർട്ടി നേതൃത്വത്തിലേക്ക് മത്സരിച്ച ആളുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ഫലം പ്രഖ്യാപിക്കുമ്പോഴേക്കും, മറ്റൊരു പാർട്ടിയുടെ ഭാരവാഹിയാകുന്ന ദുര്യോഗം കേരളത്തിൽ കോൺഗ്രസിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഒന്നാകും. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച എം ഗിരീഷ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ നയിക്കാൻ പ്രാപ്തനാണെന്ന് അണികൾ വിധിയെഴുതിയ വാർത്ത അറിയുമ്പോൾ ദൗർഭാഗ്യവശാൽ അദ്ദേഹം യുവമോർച്ചയുടെ തിരുവല്ലം ഏരിയ പ്രസിഡന്റായി ചുമതലയേയ്റ്റു കഴിഞ്ഞിരുന്നു. യുവമോർച്ചയിൽ ചേരില്ലെന്നുറപ്പുള്ള ഒരാളെ മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ ഇല്ലായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്.
മറ്റൊരു 'സ്ഥാനാർഥി' കുറ്റിപ്പുറത്ത് നിന്നാണ്. കെ കെ മുഹമ്മദ് റഷീദ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. താൻ അജ്ഞാതനല്ലെന്നും, കുറ്റിപ്പുറം രാങ്ങാട്ടൂർ കരുവാൻകാട്ടുകാവിൽ അലിയുടെ മകനാണെന്നും അദ്ദേഹം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. പ്രസിഡന്റായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, വ്യക്തിപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പിൽ സജീവമല്ലാതിരുന്നതെന്നും, തിരഞ്ഞെടുക്കപ്പെടയുകയാണെങ്കിൽ രാജിവെക്കണമെന്ന് കരുതിയിരുന്നതായും ബാംഗ്ലൂരിലുള്ള റഷീദ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ആവർത്തിച്ചുകൊണ്ടിരിക്കുന്ന അസംബന്ധങ്ങൾ കോൺഗ്രസിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്നൊന്നും തോന്നുന്നില്ല. പക്ഷെ ഇതാവർത്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ കോൺഗ്രസ് പാർട്ടി അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസവും നൈതികതയുമെന്താണെന്ന ചോദ്യം ബാക്കി നിൽക്കും. ആ ചോദ്യം, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അലോസരമൊമെന്നുമുണ്ടാക്കിയില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം വില നല്കേണ്ടിവരുമെന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പാറ്റേൺ ശ്രദ്ധിച്ചാൽ മനസിലാക്കാൻ സാധിക്കും.
ബാംഗ്ലൂർ ആസ്ഥാനമായ ഒരു പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതെന്ന് ബിജെപിയും ഡിവൈഎഫ്ഐയും ആരോപിക്കുന്നുണ്ട്. അത് സത്യമാണെങ്കിലും അല്ലെങ്കിലും നിലവിലെ അവസ്ഥയിൽ കേരളത്തിലെ കോൺഗ്രസിന് പി ആർ സഹായം ആവശ്യമുണ്ട്. സുനിൽ കനുഗോലു കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നു എന്നത് പുറത്ത് വരുന്ന വാർത്തകൾ പോലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച പ്രകടനം ഉറപ്പിക്കാനാണെന്ന് വിശ്വസിക്കാനാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണത്.
2026 ഒട്ടും എളുപ്പമാകില്ലെന്ന് കോൺഗ്രസിന് തീർച്ചയുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും നേടുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. അതിനു സംസ്ഥാന നേതാക്കളിൽ ആദ്യം വിശ്വാസമുണ്ടാകണം. സംഘടനാ പ്രവർത്തനങ്ങൾക്കപ്പുറം തങ്ങൾക്ക് വ്യക്തിപരമായ കാര്യങ്ങൾ വേറെയുണ്ടെന്ന്, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ്സുകാർ പലരും പരസ്യമാക്കിയിട്ടുള്ളതുകൊണ്ട് ജനങ്ങളുടെ വിശ്വാസ്യതയാർജ്ജിക്കുക എളുപ്പമല്ല. മൈക്കിന് വേണ്ടി തല്ലുകൂടിയതിനും വ്യാജ തിരിച്ചറിയൽ കാർഡിനുമെല്ലാം കോൺഗ്രെസ്സുകാർ വിലകൊടുക്കേണ്ടിവരിക അപ്പോഴായിരിക്കും.