ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1ന്റെ വിജയത്തില്‍ കേരളത്തിന്റെ കയ്യൊപ്പും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, എസ്ഐഎഫ്എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
പിഎസ്എല്‍വി സി 57 ആദിത്യ എൽ-1 മിഷന്റെ ഭാഗമായി പിഎസ്എല്‍വി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.
ആദിത്യ എൽ-1 വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15സിഡിവി6 ഡോം ഫോർജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്.
പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടിസിസിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.
ഇന്നലെയാണ് നാല് മാസത്തെ യാത്രൊക്കൊടുവില്‍ ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്ത് എത്തിയത്. പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയായിരുന്നു അറിയിച്ചത്. ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ആദ്യത്തേതും ഭൂമിക്ക് ഏറ്റവും അടുത്തുള്ളതുമാണ് ലഗ്രാഞ്ച് ഒന്ന്.
പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തോളമെടുക്കുമെന്നാണ് വിവരം.