മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ റെയ്ഡ് നടത്തി പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. കമ്പ്യൂട്ടറുകളും മോണിറ്ററുകളുമാണ് വിട്ടുനല്‍കേണ്ടത്.
എസ് സി- എസ് ടി കേസില്‍ എന്തിനാണ് ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് കോടതി ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ വ്യക്തമാക്കി.
പിവി ശ്രീനിജന്റെ പരാതിയില്‍ എടുത്ത കേസിലാണ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഉപകരണങ്ങളിലെ വിവരങ്ങള്‍ കോപ്പി ചെയ്യാന്‍ സാവകാശം വേണമെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.
മറുനാടൻ മലയാളി ഹെഡ് ഓഫീസില്‍നിന്ന് മാത്രം 29 കമ്പ്യൂട്ടറും ലാപ്ടോപ്പും ക്യാമറകളും പിടിച്ചെടുത്തിരുന്നു. കൊച്ചി ബ്യൂറോയില്‍നിന്നും ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഷാജന്‍ സ്‌കറിയയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനത്തിലെ ചില മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. വിവിധ ബ്യൂറോകളിലെ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസ് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കൊണ്ടുപോയതോടെ മറുനാടന്‍ മലയാളിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച സ്ഥിതിയുമുണ്ടായിരുന്നു.
വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരം ഷാജനെതിരെ കേസെടുത്തത്.