കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ നിരീക്ഷണം നടത്തിയത്.
മസാലബോണ്ട് സംബന്ധിച്ച് റോവിങ് എന്ക്വയറി നടത്താനാകില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമന്‍സുകള്‍ എല്ലാം പിന്‍വലിക്കുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. എന്നാല്‍ അന്വേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു.
കിഫ്ബി മസാലബോണ്ടുകളിലെ നിയമ ലംഘനം അന്വേഷിക്കാനെന്ന പേരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടരെ സമൻസുകൾ നൽകുന്നത് ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. വിദേശ നാണ്യ വിനിമയ ചട്ടത്തിന്‍റെ (ഫെമ) ലംഘനമുണ്ടായോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി ബുദ്ധിമുട്ടിക്കുകയാന്നെന്നാരോപിച്ച് തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
കിഫ്ബിയുമായി ഒരു ബന്ധവുമില്ലാത്ത നാട്ടിലും വിദേശത്തുമുള്ള തന്‍റെ ബന്ധുക്കളുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് തോമസ് ഐസകിന്‍റെ ആരോപണം. എന്നാൽ, പ്രഥമദൃഷ്‌ട്യാ വിദേശ നാണ്യവിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടു വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലുൾപ്പെടെ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു ഇ.ഡിയുടെ വാദം.