മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന് പരിശോധിക്കാനെന്ന പേരിൽ ഒന്നര വർഷമായി ഇഡി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കിഫ്ബിയും സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും നൽകിയ ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും.
നാഷണൽ തെർമൽ പവർ കോർപറേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ മസാലബോണ്ടുകൾ ഇറക്കിയിട്ടുണ്ടെങ്കിലും അവയെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് കിഫ്ബി കോടതിയിൽ ആരോപിച്ചിരുന്നു. മറ്റ് കമ്പനികളെപ്പോലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ടുകൾ ഇറക്കിയിരിക്കുന്നത്. കേരളത്തെ ഇക്കാര്യത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം സാഹചര്യമുണ്ടായാൽ വിദേശ കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കും.
നാടിന്റെ അടിസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിതെന്നുമാണ് കിഫ്ബിയുടെ വാദം. മറ്റേതെങ്കിലും മസാലബോണ്ടുകളെക്കുറിച്ച് ഇഡി അന്വേഷണം നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഇഡിയോട് സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കിഫ്ബി മസാലബോണ്ടിന്റെ പേരിൽ ഇഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻധനമന്ത്രി ഡോ. തോമസ് ഐസക്ക് നൽകിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇഡിയും വ്യക്തമാക്കിയിട്ടുണ്ട്.
തോമസ് ഐസക്കിനെ കൂടാതെ കിഫ്ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്കെതിരെയുള്ള നടപടിയും കോടതി തടഞ്ഞിട്ടുണ്ട്. റിസർവ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വകുപ്പ് ചീഫ് ജനറൽ മാനേജറെ കോടതി സ്വമേധയ കക്ഷി ചേർത്തിട്ടുണ്ട്.