കിഫ് ബിയുടെ മസാല ബോണ്ടുകൾ വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചോയെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാതെ റിസർവ് ബാങ്ക് (ആര്‍ബിഐ). ഒക്ടോബര്‍ പത്തിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ആര്‍ബിഐ ഫോറിന് എക്സ്ചേഞ്ച് വിഭാഗത്തിലെ ചീഫ് ജനറൽ മാനേജരെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി. ഇനി ഹര്‍ജി പരിഗണനയ്ക്ക് വരുന്നതിന് മുന്‍പായി ആര്‍ബിഐ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കിഫ് ബിയുടെ മസാലബോണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്റെ ബന്ധുക്കളുടെയടക്കം വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ് നൽകുന്നതെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം
ഫെമ ലംഘനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മുൻ ധനമന്ത്രി ഡോ തോമസ് ഐസക്കിനും കിഫ് ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് ഇ ഡി തുടർ സമൻസുകൾ നൽകുന്നതിലുള്ള നടപടികള്‍ ഡിസംബര്‍ ഒന്‍പത് വരെ തടഞ്ഞ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഫെമ ലംഘനമുണ്ടോ എന്ന് പരിശോധിക്കാനായി തുടർച്ചയായി സമൻസ് നൽകി ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് കിഫ് ബി ഉദ്യോഗസ്ഥരും സമൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തോമസ് ഐസക്കും നൽകിയ ഹർജികളാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
കിഫ് ബിയുടെ മസാലബോണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്റെ ബന്ധുക്കളുടെയടക്കം വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ് നൽകുന്നതെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം. സമന്‍സിന്റെ വിവരങ്ങള്‍ മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഐസക് ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം, ഒന്നര വർഷമായി സമൻസ് നൽകി ചോദ്യം ചെയ്തിട്ടും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഇ ഡി അധികൃതർ കണ്ടെത്തിയിട്ടില്ലെന്നാണ് കിഫ് ബി ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ പറയുന്നത്.
എന്നാൽ പ്രഥമദൃഷ്ട്യാ ഫെമയുടെ ലംഘനമുണ്ടായിട്ടുണ്ടെന്നും മസാലബോണ്ട് വഴി സമാഹരിച്ച പണം വകമാറ്റി റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കടക്കം വിനിയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ഇ ഡിയുടെ വാദം.