മർദനമേറ്റ വിഘ്നേഷും വിഷ്ണുവും 
KERALA

കിളികൊല്ലൂർ സ്റ്റേഷന്‍ ആക്രമണം: പൊളിഞ്ഞത് പോലീസിന്റെ തിരക്കഥ; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

വെബ് ഡെസ്ക്

കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങള്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന കേസില്‍ നാടകീയ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണര്‍ സ്ഥലം മാറ്റി.

എസ് ഐ അനീഷ്, സിപിഒ ആർ പ്രകാശ് ചന്ദ്രൻ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. സൈനികനായ പേരൂര്‍ സ്വദേശി വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവര്‍ക്കെതിരായ കേസാണ് പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങള്‍ എസ്ഐയെ മര്‍ദ്ദിച്ചെന്ന പോലീസ് തിരക്കഥയാണ് ഇതോടെ പൊളിയുന്നത്.

കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്‌നേഷും വിഷ്ണുവും പോലീസിനോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദിച്ചെന്നുമായിരുന്നു പോലീസ് ആരോപണം. ഇരുവരുടെയും മർദനത്തിൽ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. റിമാൻഡ് ചെയ്ത ഇരുവര്‍ക്കും 12 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ എട്ടോളം വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരുന്നത്.

മർദനമേറ്റ വിഘ്നേഷ്

പൊതു പ്രവർത്തകന്‍ കൂടിയായ തന്നെ പ്രദേശവാസിയായ മണികണ്ഠൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ 'ഒരാവശ്യമുണ്ട് സ്റ്റേഷനിലേക്ക് വേഗം വരണമെന്ന് പറഞ്ഞ്' വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വിഘ്നേഷ് പറഞ്ഞു. ''ഫോണില്‍ വിളിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴാണ് എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റിലായ ഒരാൾക്ക് ജാമ്യം നിൽക്കാനാണ് വിളിപ്പിച്ചതെന്ന് അറിയുന്നത്. പോലീസ് സെലക്ഷന്‍ ലഭിച്ചിട്ടുള്ളതിനാല്‍ ജാമ്യം നില്‍ക്കാനാകില്ലെന്ന് അറിയിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങി. ഇതിനിടെ, തന്നെ അന്വേഷിച്ചെത്തിയ വിഷ്ണുവിനെ ഉദ്യോഗസ്ഥനായ പ്രകാശ് പ്രകോപനമൊന്നുമില്ലാതെ കയ്യേറ്റം ചെയ്തു. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി സംശയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ പരാതി പറയാൻ എസ്ഐയുടെ മുന്നിലെത്തി. എന്നാൽ എസ്ഐയുടെ മുന്നിലിട്ടും ഞങ്ങളെ പ്രകാശ് മർദ്ദിച്ചു. കൈകൊണ്ട് പ്രതിരോധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തപ്പോള്‍, പ്രകാശ് കാൽ തെറ്റി താഴെ വീണു. അതിനിടെ തല പൊട്ടി. ഇതോടെ മറ്റുള്ള പോലീസുകാർ അസഭ്യം പറയുകയും കൂട്ടംകൂടി മർദ്ദിക്കുകയുമായിരുന്നു'' -വിഘ്‌നേശ് പറഞ്ഞു.

വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയ വിഷ്ണു കേസിൽ പ്രതിയാണെന്ന കഥ പരന്നതോടെ വിവാഹം മുടങ്ങി. പോലീസ് സെലക്ഷൻ ലഭിക്കാൻ കായിക ക്ഷമത പരീക്ഷ മാത്രമായിരുന്നു വിഘ്‌നേശിന് ബാക്കി ഉണ്ടായിരുന്നത്. ക്രൂരമായ മർദനമേറ്റതിനെ തുടർന്ന് ഇനി പരീക്ഷയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് സംശയമുണ്ടെന്ന് വിഘ്‌നേശും പറയുന്നു. തങ്ങൾക്കെതിരെ യാതൊരു കാരണവുമില്ലാതെ നടത്തിയ പോലീസ് ഗുണ്ടായിസത്തില്‍ കർശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് വിഘ്‌നേശ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

അതേസമയം, സ്ഥലം മാറ്റം രാഷ്രീയപ്രേരിതമാണെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കിളികൊല്ലൂർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ ദ ഫോർത്തിനോട് പറഞ്ഞു. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യം നൽകാനാകില്ല എന്ന് പറഞ്ഞപ്പോൾ അവർ പോലീസുകാരനെ മർദിച്ചു. ഒടുവിൽ ബലം പ്രയോഗിച്ച് കീഴടക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി